വാളയാര്‍ കേസ്: അപ്പീല്‍ നല്‍കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വാളയാര്‍ പീഡനക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തേത്തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. സഭയുടെ നടുത്തളത്തിലേക്കിറ ങ്ങിയ പ്രതിപക്ഷാംഗങ്ങള്‍ മുദ്രാവാക്യം മുഴക്കുകയും സ്പീക്കറുടെ ഡയസിന്റെ കൈവരിയിലേക്ക് പിടിച്ചു കയറുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് സഭ ഇന്നത്തേക്ക് പരിയുന്നുവെന്ന് സ്പീക്കര്‍ അറിയിച്ചത്. നേരത്തെ, കേസിന്റെ ഗൗരവം പ്രതിഫലിപ്പിക്കുന്നതല്ല മുഖ്യമന്ത്രിയുടെ വാക്കുകളെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. കുട്ടികളെ കൊന്നുതള്ളിയവര്‍ റോഡിലൂടെ വിലസി നടക്കുകയാണെന്ന് ഷാഫി പറമ്പില്‍ എംഎല്‍എയും അഭിപ്രായപ്പെട്ടു. ഇതിനു പിന്നാലെ, കേസില്‍ കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. കേസില്‍ പ്രഗത്ഭരായ അഭിഭാഷകരെ നിയോഗിക്കുമെന്നും വീഴ്ച ആരുടേതാണ് എന്ന് പരിശോധിക്കുമന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പട്ടിക വിഭാഗത്തിലെ കുട്ടികളായതിനാല്‍ അതനുസരിച്ചാണ് അന്വേഷണം നടത്തുന്നതെന്നും സര്‍ക്കാര്‍ ഇരയ്‌ക്കൊപ്പമാണെന്നും അദ്ദേഹം വ്യക്തമാക്കി. കേസില്‍ സിബിഐ അന്വേഷണം വേണോ പുനഃരന്വേഷണം വേണോ എന്ന് പന്നീട് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. പതിന്നാലാം കേരള നിയമസഭയുടെ പതിനാറാം സമ്മേളനമാണ് ഇന്ന് ആരംഭിച്ചത്. ആറു നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിനു ശേഷമാണ് സഭ ചേര്‍ന്നത്. നിയമസഭയിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട വി.കെ. പ്രശാന്ത് (വട്ടിയൂര്‍ക്കാവ്), കെ.യു. ജനീഷ്‌കുമാര്‍ (കോന്നി), ഷാനിമോള്‍ ഉസ്മാന്‍ (അരൂര്‍), ടി.ജെ. വിനോദ് (എറണാകുളം), എം.സി. ഖമറുദീന്‍ (മഞ്ചേശ്വരം) എന്നിവര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. ചോദ്യോത്തരവേളക്ക്‌ശേഷം ഡല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിത്, മുന്‍ മന്ത്രി ദാമോദരന്‍ കാളാശ്ശേരി എന്നിവര്‍ക്ക് ചരമോപചാരം അര്‍പ്പിച്ചതിന്‌ശേഷമാണ് സത്യപ്രതിജ്ഞ ആരംഭിച്ചത്. കോന്നിയില്‍ നിന്ന് വിജയിച്ച കെ.യു.ജനീഷ് കുമാറാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. മഞ്ചേശ്വരത്ത് നിന്ന് വിജയിച്ച എം.സി.ഖമറുദ്ദീന്‍ വട്ടിയൂര്‍ക്കാവില്‍ നിന്ന് വിജയിച്ച വി.കെ.പ്രശാന്ത് അരൂരില്‍ നിന്ന് വിജയിച്ച ഷാനിമോള്‍ ഉസ്മാന്‍ എറണാകുളത്ത് ജയിച്ച ടി.ജെ.വിനോദ് എന്നിവര്‍ന്ന് തുടര്‍ന്ന് സത്യപ്രതിജ്ഞ ചെയ്തു. കന്നഡയിലാണ് മുസ്ലിംലീഗ് എം.എല്‍.എയായ എം.സി.ഖമറുദ്ദീന്‍ സത്യപ്രതിജ്ഞ ചെയ്തത്. പാലായില്‍ ജയിച്ച മാണി സി. കാപ്പന്‍ നേരത്തേ സത്യപ്രതിജ്ഞ ചെയ്‌തെങ്കിലും സഭയില്‍ അദ്ദേഹത്തിന്റെ ആദ്യ ദിനമാണ് ഇന്ന്.പതിനാറ് ഓര്‍ഡിനന്‍സുകള്‍ക്കു പകരം ബില്ലുകളും മറ്റ് അത്യാവശ്യ ബില്ലുകളുമായിരിക്കും സഭയുടെ പരിഗണനയ്ക്ക് വരിക. 2019ലെ കേരള വെറ്ററിനറിയും ജന്തുശാസ്ത്രങ്ങള്‍ സര്‍വകലാശാല (ഭേദഗതി) ബില്‍, 2019ലെ കേരള അംഗന്‍വാടി വര്‍ക്കര്‍മാരുടെയും അംഗന്‍വാടി ഹെല്‍പ്പര്‍മാരുടെയും ക്ഷേമനിധി (ഭേദഗതി) ബില്‍ എന്നിവ സബ്ജക്ട് കമ്മിറ്റികളുടെ പരിശോധനയ്ക്ക് അയയ്ക്കണമെന്ന പ്രമേയം സഭ പരിഗണിക്കും. 2019ലെ കേരള സഹകരണ ആശുപത്രി കോംപ്ലക്‌സും മെഡിക്കല്‍ സയന്‍സസ് അക്കാഡമിയും അനുബന്ധ സ്ഥാപനങ്ങളും (ഏറ്റെടുക്കലും നടത്തിപ്പും) ബില്‍, 2019ലെ കേരള പഞ്ചായത്ത് രാജ് (ഭേദഗതി) ബില്‍ എന്നിവ നാളെ (29) പരിഗണിക്കും.2019-20ലെ ബഡ്ജറ്റിലെ ഉപധനാഭ്യര്‍ത്ഥനകളുടെ സമര്‍പ്പണം നാളെയും അതിലുള്ള ചര്‍ച്ചയും വോട്ടെടുപ്പും നവംബര്‍ അഞ്ചിനും നടക്കും. മഹാത്മാഗാന്ധിയുടെ 150ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് നിയമസഭയില്‍ പ്രത്യേക അനുസ്മരണ സമ്മേളനം നവംബര്‍ ഒന്നിന് നടത്തും. 19 ദിവസം നീളുന്ന സമ്മേളനം നവംബര്‍ 21ന് അവസാനിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍