അച്ഛന്‍ ആശുപത്രിയിലായിരിക്കെ ആദില്‍ ഇന്ത്യയുടെ രക്ഷകനായി

കൊല്‍ക്കത്ത: 2022 ഖത്തര്‍ ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ടില്‍ ബംഗ്ലാദേശിനെതിരേ കഴിഞ്ഞ ദിവസം കോല്‍ക്കത്തയില്‍ നടന്ന മത്സരത്തില്‍ ഇന്ത്യയെ തോല്‍വിയില്‍നിന്ന് രക്ഷിച്ചത് 88ാം മിനിറ്റില്‍ ആദില്‍ ഖാന്‍ നേടിയ ഹെഡര്‍ ഗോളായിരുന്നു. ഇന്ത്യക്കായി ആദില്‍ കളത്തിലിറങ്ങുമ്പോള്‍ അദ്ദേഹത്തിന്റെ അച്ഛനെ അടിയന്തരശസ്ത്രക്രിയയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. പിതാവ് ഓപ്പറേഷന്‍ തിയറ്ററിലായിരുന്നുവെന്ന കാര്യം ആരെയും അറിയിക്കാതെയാണ് ആദില്‍ ആ മത്സരത്തില്‍ ബൂട്ടണിഞ്ഞതും ഇന്ത്യയുടെ രക്ഷകനായതും. മത്സരത്തിനായി ഇന്ത്യന്‍ ടീം ഹോട്ടല്‍ റൂമില്‍നിന്ന് പുറത്തെത്തിയപ്പോഴാണ് ആദിലിന് വീട്ടില്‍നിന്ന് ഫോണ്‍കോള്‍ ലഭിക്കുന്നത്. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് പിതാവ് ബദ്രുദിന്‍ ഖാന്‍ ആശുപത്രിയിലാണെന്നും ഹാര്‍ട്ട് ബ്ലോക്ക് ഉള്ളതിനാല്‍ അടിയന്തര ശസ്ത്രക്രിയ വേണമെന്നുമായിരുന്നു ഫോണിന്റെ ഉള്ളടക്കം. മത്സരം അവസാനിച്ചതിനു പിന്നാലെ ആദില്‍ ഗോവയിലേക്ക് യാത്രതിരിച്ചു, ശസ്ത്രക്രിയയ്ക്കുശേഷം വിശ്രമിക്കുന്ന പിതാവിനെ കാണാന്‍. ഇന്ത്യയെ രക്ഷിച്ച ഗോള്‍ ആദില്‍ സമര്‍പ്പിക്കുന്നതും പിതാവിനുതന്നെ. ഏഴു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ആദില്‍ ദേശീയ ടീമിലേക്ക് തിരിച്ചെത്തിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍