കേരള പോലീസിന്റെ 'തൊണ്ടി'യും ഇനി ന്യൂജന്‍; തിരിച്ചറിയാന്‍ ക്യൂആര്‍ കോഡ്

തിരുവനന്തപുരം: തൊണ്ടിമുതലും ഹൈടെക്ക് ആക്കി കേരള പോലീസ്. കോടതി വ്യവഹാരങ്ങളില്‍പ്പെട്ട തൊണ്ടി സാധനങ്ങളില്‍ ക്യൂആര്‍ കോഡ് പതിപ്പിച്ചാണു പോലീസിന്റെ പുതിയ പരീക്ഷണം. ഇത്തരത്തില്‍ തൊണ്ടി മുറികള്‍ സ്മാര്‍ട്ട് ആക്കിയ ആദ്യ ജില്ലയായി പത്തനംതിട്ട മാറി. ജില്ലാ പോലീസ് മേധാവി ജി. ജയ്‌ദേവാണ് ഈ ആശയം മുന്നോട്ടുവച്ചത്. ജില്ലാ സൈബര്‍ സെല്ലിലെ പോലീസ് ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ പദ്ധതി വേഗത്തില്‍ നടപ്പാക്കാനുമായി. ഈ സംവിധാനം സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും നടപ്പിലാക്കാന്‍ സംസ്ഥാന പോലീസ് മേധാവി ഡിജിപി ലോകനാഥ് ബെഹ്‌റ നിര്‍ദേശിച്ചിട്ടുണ്ട്.തൊണ്ടികള്‍ സ്മാര്‍ട് ആക്കുന്നതിന്, ആദ്യം തൊണ്ടിമുതലുകളുടെ വിവരങ്ങള്‍ ശേഖരിച്ചു കമ്പ്യൂട്ടറില്‍ രേഖപ്പെടുത്തും. തുടര്‍ന്ന് കേരള പോലീസിന്റെ ഓണ്‍ലൈന്‍ സംവിധാനമായ ക്രൈം ഡ്രൈവുമായി ബന്ധിപ്പിക്കും. ഇതിനുശേഷം ഈ കേസിന്റെ അനുബന്ധവിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചു സൃഷ്ടിച്ചെടുത്ത ക്യൂആര്‍ കോഡ് എല്ലാ തൊണ്ടി മുതലുകളിലും പതിപ്പിക്കുകയുമാണു ചെയ്യുന്നത്. പത്തനംതിട്ട തൊണ്ടിമുറിയിലുള്ള എല്ലാ വസ്തുകളിലും ക്യൂആര്‍ കോഡ് പതിപ്പിച്ചുകഴിഞ്ഞു. ഇതോടെ മൊബൈല്‍ഫോണിലെ ഏതെങ്കിലും ക്യൂ ആര്‍കോഡ് സ്‌കാനര്‍ ഉപയോഗിച്ചു തൊണ്ടിമുതലിലെ കോഡ് സ്‌കാന്‍ ചെയ്താല്‍ അതിനെ സംബന്ധിച്ച എല്ലാ വിവരങ്ങളും അറിയാന്‍ സാധിക്കുമെന്നു കേരള പോലീസിന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍