ഇന്ത്യയ്ക്ക് യൂറോപ്യന്‍ എം.പിമാരുടെ പിന്തുണ, കശ്മീരിലെ ഭീകരര്‍ പാകിസ്ഥാനികള്‍

ശ്രീനഗര്‍: ജമ്മുകശ്മീരും 370ാം വകുപ്പ് റദ്ദാക്കലും ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും എന്നാല്‍ കശ്മീരിലെ ഭീകരപ്രവര്‍ത്തനം ആഗോള പ്രശനമാണെന്നും അതിന്റെ ഉറവിടം പാകിസ്ഥാന്‍ ആണെന്നും യൂറോപ്യന്‍ എം.പിമാരുടെ സംഘം പറഞ്ഞു. ഇന്ത്യയുടെ ഭീകരവിരുദ്ധ പോരാട്ടത്തിന് സംഘം പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.രണ്ട് ദിവസത്തെ കശ്മീര്‍ സന്ദര്‍ശനത്തിന് ശേഷം ഇന്നലെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.കശ്മീരിന്റെ പ്രത്യേക പദവി മാറ്റിയത് ഇന്ത്യയുടെ ആഭ്യന്തര കാര്യമാണ്. അത് ഇന്ത്യയ്‌ക്കെതിരായി ഉപയോഗിക്കരുതെന്നും അവര്‍ പറഞ്ഞു. ഭീകരത കശ്മീരിന്റെ വളരെ ഗുരുതരമായ പ്രശ്‌നമാണ്. ഭീകരത അവസാനിച്ചിട്ടില്ല. അത് ഇന്ത്യയുടെ മാത്രം പ്രശ്‌നമല്ല. അത് യൂറോപിന്റേയും ലോകത്തിന്റെ ആകെയും പ്രശ്‌നമാണ്. കശ്മീരില്‍ കൊല്ലപ്പെട്ട ഭൂരിഭാഗം ഭീകരരും പാകിസ്ഥാനില്‍ നിന്ന് വന്നവരാണ് ബ്രിട്ടീഷ് എം.പി ബില്‍ ന്യൂട്ടണ്‍ പറഞ്ഞു.
കശ്മീരിലെ യുവാക്കള്‍, സ്ത്രീകള്‍, രാഷ്ട്രീയക്കാര്‍, വ്യാപാരികള്‍ തുടങ്ങിയവരോട് ഞങ്ങള്‍ സംസാരിച്ചു. ഇവിടുത്തെ ജനസമൂഹവുമായി ഞങ്ങള്‍ ഇടപഴകി. വിവരങ്ങള്‍ ശേഖരിക്കാനാണ് ഞങ്ങള്‍ വന്നത്. ഞങ്ങള്‍ക്ക് വേണ്ടതെല്ലാം കിട്ടി. ഇനി തിരിച്ചു പോയി ഈ വിവരങ്ങള്‍ സഹപ്രവര്‍ത്തകരുമായും ഞങ്ങളുടെ രാജ്യങ്ങളുമായും പങ്കിടണം. ഞങ്ങള്‍ കരുതിയതു പോലെ അത്ര മോശമല്ല സ്ഥിതി. ഇവിടത്തെ ജനങ്ങള്‍ക്ക് സമാധാനം വേണം. മികച്ച ജീവിതവും തൊഴിലും വേണം. ആ സ്വപ്‌നങ്ങളെല്ലാം ഭീകരത തകര്‍ത്തു അവര്‍ പറഞ്ഞു.
വടക്കന്‍ അയര്‍ലന്‍ഡില്‍ ഇതേ പ്രശ്‌നമാണ് ബ്രിട്ടനും നേരിട്ടതെന്ന് ബില്‍ ന്യൂട്ടണ്‍ ചൂണ്ടിക്കാട്ടി. അവിടെ ക്രിസ്ത്യാനികള്‍ തമ്മിലായിരുന്നു യുദ്ധം. യുദ്ധം ഒരു പരിഹാരമല്ല. ചര്‍ച്ചയാണ് അവിടെ സമാധാനം കൊണ്ടു വന്നത്. ഇന്ത്യയ്ക്ക് കൂടിയാലോചനയുടെ ഒരു വലിയ ചരിത്രം ഉണ്ട്. യുദ്ധമല്ല, ചര്‍ച്ച നടത്താനാണ് ഞാനും ഉപദേശിക്കുന്നത്. കാശ്മീരിലെ ഭീകരര്‍ വിദേശികളാണ്. പാകിസ്ഥാനില്‍ നിന്നാണ് അവര്‍ വന്നത്. അതൊരു ആഗോള പ്രശ്‌നമാണ്. ഭീകരതയ്ക്ക് നേരെയാവണം എല്ലാ പ്രതിഷേധവും അദ്ദേഹം പറഞ്ഞു.
പാകിസ്ഥാനില്‍ ക്രിസ്ത്യാനികള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളെ യൂറോപ്യന്‍ എം.പിമാര്‍ വിമര്‍ശിച്ചു. ''ഞങ്ങള്‍ മത സ്വാതന്ത്ര്യത്തില്‍ വിശ്വസിക്കുന്നു. പാകിസ്ഥാനിലെ ക്രിസ്ത്യാനികളുടെ സുരക്ഷയില്‍ ഞങ്ങള്‍ക്ക് ആശങ്കയുണ്ട്' മതനിന്ദയുടെ പേരില്‍ പാകിസ്ഥാന്‍ വധശിക്ഷ വിധിക്കുകയും പിന്നീട് മോചിപ്പിക്കുകയും ചെയ്ത അസിയാ ബീവിയുടെ കാര്യം പരാമര്‍ശിച്ചു കൊണ്ട് എം.പിമാര്‍ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍