ജീവിതശൈലി രോഗങ്ങള്‍ നിയന്ത്രിക്കാന്‍ ആയുര്‍വേദം വളരണം : മന്ത്രി ശൈലജ

കണ്ണൂര്‍ : ജീവിതശൈലി രോഗങ്ങള്‍ പിടിമുറുക്കിയതിനെ പ്രതിരോധിക്കാന്‍ ആയുര്‍വേദത്തില്‍ ഏറെ സാദ്ധ്യതകളുണ്ടെന്ന് മന്ത്രി കെ.കെ ശൈലജ പറഞ്ഞു. കോട്ടയ്ക്കല്‍ ആര്യ വൈദ്യശാല സ്ഥാപകന്‍ പി.എസ്. വാര്യരുടെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് കണ്ണൂര്‍ ദിനേശ് ഓഡിറ്റോറിയത്തില്‍ നടന്ന ആയുര്‍വേദ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ആരോഗ്യ സൂചകങ്ങളില്‍ മാതൃകയാണെങ്കിലും കേരളം ഇന്ത്യയുടെ പ്രമേഹ തലസ്ഥാനമായി മാറി. പരീക്ഷണശാലകളില്‍ തെളിയിച്ച മരുന്നുകളും സിദ്ധാന്തങ്ങളുമായി ആയുര്‍വേദം വളരണം. വിദേശ രാജ്യങ്ങളാണ് നമ്മുടെ ഔഷധ അറിവുകളുടെ പേറ്റന്റ് നേടുന്നതെന്നും മന്ത്രി പറഞ്ഞു. മേയര്‍ സുമ ബാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ആര്യവൈദ്യശാല ചീഫ് ഫിസിഷ്യന്‍ ഡോ. പി.എസ്. വാര്യര്‍, കൗണ്‍സിലര്‍ ഇ. ബീന എന്നിവര്‍ സംസാരിച്ചു.പി. മാധവവാര്യര്‍ മെമ്മോറിയല്‍ ഗോള്‍ഡ് മെഡല്‍ ഡോ. കസ്തൂരി നായര്‍ക്കും എസ്. വാര്യര്‍ എന്‍ഡോവ്‌മെന്റ്, ജ്ഞാനജ്യോതി അവാര്‍ഡ് എന്നിവ ഡോ.പി. ദീതിയ്ക്കും, എന്‍.വി.കെ. വാര്യര്‍ എന്‍ഡോവ്‌മെന്റ് രഘു ആര്‍. വര്‍മ, എം.ഒ ആതിര മോഹന്‍, സുദിര്‍ ദേവ് എന്നിവര്‍ക്കും സമ്മാനിച്ചു. ജനറല്‍ മാനേജര്‍ എച്ച്.എസ്. നാരായണന്‍ സ്വാഗതവും പി. രാജേന്ദ്രന്‍ നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍