കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് ഒന്നുമുതല്‍ ദമാമിലേക്ക് ഗോ എയര്‍ സര്‍വീസ്

മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് ഗോ എയറിന്റെ ദമാം സര്‍വീസ് അടുത്തമാസം മുതല്‍ വിന്റര്‍ ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തി. നവംബര്‍ 20 നു ശേഷം പ്രതിദിന സര്‍വീസ് ആരംഭിക്കും. ദമാം സര്‍വീസിനുപിന്നാലെ ജിദ്ദ സര്‍വീസ് ആരംഭിക്കാനും ഗോ എയറിനു പദ്ധതിയുണ്ട്. രണ്ടു രാജ്യാന്തര സര്‍വീസ് ആരംഭിക്കുന്നതോടെ ചെന്നൈ, ഹൈരാബാദ് സര്‍വീസും ബംഗളൂരുവിലേക്കുള്ള അധിക സര്‍വീസ് നിര്‍ത്തിയേക്കും. അതേസമയം ഇന്‍ഡിഗോയുടെ കുവൈറ്റ് സര്‍വീസ് അവസാനിപ്പിച്ചു. ഒരു മാസമായി താത്കാലികമായി നിര്‍ത്തിയ ദോഹ സര്‍വീസ് വിന്റര്‍ ഷെഡ്യൂളില്‍ പുനരാരംഭിച്ചു. ഇതിനുപുറമെ നവംബര്‍ 16 മുതല്‍ തിരുവനന്തപുരത്തേക്ക് അധികസര്‍വീസും ഇന്‍ഡിഗോ ആരംഭിക്കും. തുടര്‍ന്ന് ബംഗളൂരു പ്രതിദിനസര്‍വീസ് അഞ്ചു ദിവസമായി ചുരുക്കി ചൊവ്വാഴ്ച തിരുവനന്തപുരത്തേക്ക് സര്‍വീസ് നടത്താനും പദ്ധതിയുണ്ട്. വിന്റര്‍ ഷെഡ്യൂളില്‍ തിങ്കളാഴ്ചകൂടി എയര്‍ ഇന്ത്യ എക്‌സ്പ്രസ് ദോഹയിലേക്കും സര്‍വീസ് നടത്തും. ഇതോടെ ആഴ്ചയില്‍ അഞ്ചു ദിവസം എയര്‍ ഇന്ത്യ എക്‌സ്പ്രസിന് കണ്ണൂര്‍ദോഹ സെക്ടറില്‍ സര്‍വീസ് ഉണ്ടാകും. ഇന്നുമുതല്‍ മാര്‍ച്ച് 28 വരെയാണ് വിന്റര്‍ ഷെഡ്യൂള്‍.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍