ബന്ദിപ്പൂര്‍ രാത്രിയാത്രാ നിരോധനം, നിയമപരമായ എല്ലാ വശങ്ങളും പരിശോധിക്കും: രാഹുല്‍ ഗാന്ധി

ബത്തേരി: ബന്ദിപ്പൂര്‍ രാത്രിയാത്രാ നിരോധനം പരിഹരിക്കാനായി നിയമപരമായ എല്ലാ വശങ്ങളും പരിശോധിക്കുമെന്ന് വയനാട് എം.പി രാഹുല്‍ ഗാന്ധി. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഈ വിഷയത്തില്‍ ഒന്നായി ചേര്‍ന്നിരിക്കുകയാണെന്നും, ഈ പ്രശ്‌നം പരിഗണിക്കേണ്ടത് അത്യാവശ്യമാണെന്നും സമരത്തെ അഭിസംബോധന ചെയ്തുകൊണ്ട് രാഹുല്‍ ഗാന്ധി പറഞ്ഞു.'ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ഒഴിവാക്കപ്പെടേണ്ടതാണ്. രാജ്യത്തിന്റെ മറ്റ് സ്ഥലങ്ങളില്‍ ഇത് സാധിച്ചിട്ടുണ്ട്, ഇവിടെയും സാധ്യമാകേണ്ടതാണ്. നിയമപരമായ വിഷയമായി ഇത് മാറിയിട്ടുണ്ട്. വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഒരുപാട് ആളുകളെ ബാധിക്കുന്ന വലിയ ബുദ്ധിമുട്ടായി രാത്രിയാത്രാ നിരോധനം മാറിക്കൊണ്ടിരിക്കുകയാണ്. ഈ കാര്യത്തില്‍ എല്ലാവരും ഒന്നിച്ച് പ്രവര്‍ത്തിച്ച് നല്ല പരിഹാരം ഉണ്ടാക്കാന്‍ സാധിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് ഈ പ്രശ്‌നത്തെ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്'രാഹുല്‍ ഗാന്ധി പറഞ്ഞു.ബത്തേരി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സമരക്കാരെ അദ്ദേഹം സന്ദര്‍ശിക്കുകയും,അവരുമായി ചര്‍ച്ച ചെയ്യുകയും ചെയ്തു. രാത്രിയാത്ര നിരോധനം ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും ഇതിന് എത്രയും വേഗം പരിഹാരം കാണണമെന്നും നേരത്തെ മുഖ്യമന്ത്രിയോട് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. വിഷയം കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്താമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് രാഹുല്‍ ഗാന്ധി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ദേശീയപാത 766 ലെ രാത്രിയാത്ര നിരോധനം നീക്കണമെന്നാവശ്യപ്പെട്ടുള്ള സംയുക്ത സമരസമിതിയുടെ അനിശ്ചിതകാല നിരാഹാര സമരം പത്താം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ദേശീയ പാതയില്‍ കഴിഞ്ഞ 10 വര്‍ഷമായി നിലനില്‍ക്കുന്ന രാത്രി യാത്രാ നിരോധനത്തിനെതിരെ കേരളം നല്‍കിയ ഹര്‍ജി പരിഗണിക്കവേ പകല്‍കൂടി പാത അടയ്ക്കുന്നതിനെ കുറിച്ച് സുപ്രീംകോടതി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തോട് അഭിപ്രായം തേടിയിരുന്നു. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ ബുധനാഴ്ച മുതല്‍ സംയുക്ത സമരസമിതി സമരം ആരംഭിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍