സുരേഷ് ഗോപിയാവുമോ കേരള ബി.ജെ.പിയുടെ അദ്ധ്യക്ഷന്‍

ന്യൂഡല്‍ഹി : മിസോറാം ഗവര്‍ണറായി പി.എസ്. ശ്രീധരന്‍ പിള്ള നിയമിതനായതോടെ ഒഴിവു വന്ന അദ്ധ്യക്ഷ സ്ഥാനത്തേയ്ക്ക് അവകാശവാദവുമായി പാര്‍ട്ടിക്കകത്തെ അധികാര കേന്ദ്രങ്ങള്‍ ചരടുവലി തുടങ്ങിക്കഴിഞ്ഞു. എന്നാല്‍ ഈ അവസരത്തില്‍ കേന്ദ്രത്തില്‍ നിന്നും അപ്രതീക്ഷിത നീക്കമുണ്ടാവുമെന്ന് അഭ്യൂഹങ്ങള്‍ പരക്കുന്നു. രാജ്യസഭ എം.പിയും സിനിമാതാരവുമായ സുരേഷ് ഗോപി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനാവുമെന്നാണ് അഭ്യൂഹങ്ങള്‍ പരക്കുന്നത്. ഡല്‍ഹിയില്‍ പാര്‍ട്ടി കേന്ദ്രത്തില്‍ അത്തരത്തില്‍ ആലോചനകളുണ്ടായെന്നും ജനപ്രിയനായ നേതാവിനെ തലപ്പത്തേക്ക് കൊണ്ടുവരണമെന്ന അമിത് ഷായുടെ ആവശ്യം സുരേഷ് ഗോപിയെ മനസില്‍ കണ്ടാണെന്നും അറിയുന്നു. തൃശൂര്‍ ലോക്‌സഭ തിരഞ്ഞെടുപ്പിലടക്കം പാര്‍ട്ടിക്കുവേണ്ടി ശക്തമായ പോരാട്ടം കാഴ്ചവയ്ക്കാന്‍ സുരേഷ്‌ഗോപിക്കായിരുന്നു. അടുത്തിടെ നടന്ന ഉപതിരഞ്ഞെടുപ്പിലും പ്രചാരണരംഗത്ത് അദ്ദേഹം നിറഞ്ഞുനിന്നിരുന്നു. പ്രധാനമന്ത്രിയുമായി സുരേഷ് ഗോപിക്കുള്ള അടുത്ത ബന്ധവും അദ്ധ്യക്ഷ പദവിയിലേക്കുള്ള അകലം കുറയ്ക്കുന്നുണ്ട്.അതേസമയം ഡല്‍ഹിയിലെ പാര്‍ട്ടി നേതാക്കള്‍ ഈ വിവരത്തെ കുറിച്ച് പറയുമ്പോഴും സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളടക്കം സുരേഷ് ഗോപി അദ്ധ്യക്ഷനാവുമെന്ന അഭ്യൂഹങ്ങളെ തള്ളുകയാണ്. കേന്ദ്രമന്ത്രി വി.മുരളീധരനോട് അടുപ്പമുള്ള കെ.സുരേന്ദ്രന്‍ കേരളത്തില്‍ പാര്‍ട്ടിയുടെ അദ്ധ്യക്ഷനാവുമെന്നും, അതല്ല കൃഷ്ണദാസ് പക്ഷം പിന്തുണയ്ക്കുന്ന എം.ടി.രമേശിനാണ് സാദ്ധ്യത കൂടുതലെന്നുമാണ് കേരള നേതാക്കളില്‍ നിന്നും ലഭിക്കുന്ന സൂചന. എന്നാല്‍ ആര്‍.എസ്.എസ് താത്പര്യം അനുസരിച്ചുമാത്രമേ അന്തിമ തീരുമാനത്തിലേക്ക് പാര്‍ട്ടി കടക്കുകയുള്ളു. ആര്‍.എസ്. എസ് താത്പര്യമനുസരിച്ചായിരുന്നു കുമ്മനം രാജശേഖരനെ മുന്‍പ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരാന്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വം തയ്യാറായത്. എന്നാല്‍ ശബരിമല പ്രക്ഷോഭത്തിലടക്കം സമരമുഖത്ത് നിറഞ്ഞു നിന്ന കെ.സുരേന്ദ്രനെ ഇപ്പോള്‍ അദ്ധ്യക്ഷനാക്കുന്നതില്‍ ആര്‍.എസ്.എസ് എതിര്‍ക്കാനിടയില്ലെന്നും കരുതപ്പെടുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍