കുഴല്‍ക്കിണറില്‍ വീണു രണ്ടു വയസുകാരന്‍ മരിച്ച സംഭവം: സുപ്രീംകോടതിയില്‍ ഹര്‍ജി

ന്യൂഡല്‍ഹി: തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ കുഴല്‍ക്കിണറില്‍ വീണു രണ്ടു വയസുകാരന്‍ സുജിത്ത് മരിച്ച സംഭവത്തിനു പിന്നില്‍ അധികൃതരുടെ അനാസ്ഥയെന്ന് ആരോപിച്ച് സുപ്രീം കോടതിയില്‍ ഹര്‍ജി. അഭിഭാഷകനായ ജി.എസ്. മണിയാണ് പൊതുതാത്പര്യ ഹര്‍ജിയുമായി കോടതിയെ സമീപിച്ചിരിക്കുന്നത്. 2010ല്‍ സുപ്രീം കോടതി പുറത്തിറക്കിയ മാനദണ്ഡങ്ങള്‍ പാലിക്കാത്തതാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതെന്നും ഇക്കാര്യത്തില്‍ അനാസ്ഥ കാണിച്ചവര്‍ക്കെതിരേ നടപടിയെടുക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. സുപ്രീം കോടതി നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കിലും ഒന്നും സംഭവിക്കില്ലെന്ന സ്ഥിതിയാണ് ഇപ്പോള്‍. തിരുച്ചിറപ്പള്ളിയില്‍ ഉണ്ടായ സംഭവത്തില്‍ ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടിവേണം. രണ്ടു വയസുകാരനെ നിശ്ചിത സമയത്തിനകം രക്ഷപ്പെടുത്താന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്നു കണ്ടെത്താന്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. 2012നുശേഷം മധ്യപ്രദേശില്‍ മാത്രം 67 കുഴല്‍ക്കിണര്‍ മരണങ്ങള്‍ ഉണ്ടായതായും മഹാരാഷ്ട്രയില്‍ 39, ഉത്തര്‍പ്രദേശില്‍ 19, ഗുജറാത്തില്‍ 18, തമിഴ്‌നാട്ടില്‍ 13 എന്നിങ്ങനെ സമാനമായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍