പ്രണയ സിനിമയിലൂടെ മലയാളത്തിലേക്ക് മടങ്ങിയെത്തുവാനാണ് ആഗ്രഹം: കീര്‍ത്തി സുരേഷ്

ഒരു അഭിമുഖത്തിനിടെയാണ് താരം മനസ് തുറന്നത്. 'കുറച്ച് സിനിമകള്‍ വന്നിരുന്നു. തമിഴ് സിനിമയ്‌ക്കൊക്കെ ഡേറ്റ് നല്‍കിയിരുന്നത് കൊണ്ട് പെട്ടന്ന് വരാനാകുന്നില്ല. പ്രിയന്‍ അങ്കിള്‍ സംവിധാനം ചെയ്യുന്ന മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹത്തില്‍ ഞാന്‍ അഭിനയിക്കുന്നുണ്ട്. എന്നാല്‍ അത് പൂര്‍ണമായ തിരിച്ചുവരവാണെന്ന് പറയാനാകില്ല. നല്ലൊരു പ്രണയ സിനിമയിലൂടെ മലയാളത്തിലേക്ക് മടങ്ങി വരുവാനാണ് ആഗ്രഹം. അതിനായി കാത്തിരിക്കുകയാണ്'. കീര്‍ത്തി പറഞ്ഞു. നിരവധി സിനിമകളില്‍ ബാലതാരമായി എത്തിയ കീര്‍ത്തി മോഹന്‍ലാല്‍ നായകനായ ഗീതാഞ്ജലിയിലൂടെയാണ് നായികയായി അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് റിംഗ് മാസ്റ്ററിലൂടെ താരം ദിലിപിന്റെ നായികയായി അഭിനയിച്ചിരുന്നു. തമിഴ്, തെലുങ്ക് സിനിമകളില്‍ തിരക്കേറിയ താരമായി മാറിയ കീര്‍ത്തിയ്ക്ക് മഹാനടിയിലെ മികവുറ്റ അഭിനയത്തിലൂടെ ദേശീയ പുരസ്‌ക്കാരം ലഭിച്ചു. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലൂടെ മലയാളത്തിലേക്ക് തിരികെയെത്തുകയാണ് കീര്‍ത്തി. മോഹന്‍ലാല്‍, പ്രഭു, അര്‍ജുന്‍, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, മഞ്ജു വാര്യര്‍ തുടങ്ങി നിരവധി താരങ്ങളാണ് സിനിമയില്‍ അണിനിരക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍