ദക്ഷിണാഫ്രിക്ക തകര്‍ന്നു; ഇന്ത്യ പരമ്പര തൂത്തുവാരി

 റാഞ്ചി: ഇന്ത്യയുടെ ജയം അധിക നേരം തടഞ്ഞുവെക്കാന്‍ ദക്ഷിണാഫ്രിക്കന്‍ വാലറ്റത്തിനായില്ല. നാലാംദിനം ഒരു എക്‌സ്ട്രാ റണ്‍സ് മാത്രം വഴങ്ങി ശേഷിച്ച രണ്ടു വിക്കറ്റുകളും വീഴ്ത്തി ഇന്ത്യ പരമ്പര സ്വന്തമാക്കി. ഇന്നിംഗ്‌സിനും 208 റണ്‍സിനുമാണ് ഇന്ത്യയുടെ ജയം. ഇതോടെ ഗാന്ധിമണ്ഡേല ട്രോഫി ഇന്ത്യ 3-0ന് സ്വന്തമാക്കി. ഈ വിജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പോയിന്റ് 240 ആയി ഉയര്‍ന്നു. എതിരാളികളെക്കാള്‍ ബഹുദൂരം മുന്നിലാണ് ഇന്ത്യ. നാലാം ദിനം എട്ട് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സെന്ന നിലയില്‍ ബാറ്റിംഗ് ആരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് അല്പനേരത്തെ ആയുസേ ഉണ്ടായിരുന്നുള്ളൂ. 30 റണ്‍സെടുത്ത ഡി ബ്രൂയിനെയും റണ്ണൊടുന്നുമെടുക്കാത്ത ലുന്‍ഗി എന്‍ഗിനിയേയും വേഗം പുറത്താക്കി നദീം ഇന്ത്യക്ക് ജയം സമ്മാനിച്ചു. ഡി ബ്രൂയിനാണ് ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിംഗ്‌സിലെ ടോപ് സ്‌കോറര്‍. മുഹമ്മദ് ഷാമി മൂന്നും ഉമേഷ് യാദവും ഷഹബാസ് നദീമും രണ്ടും വിക്കറ്റ് വീഴ്ത്തി. ജഡേജയും അശ്വിനും ഒരോ വിക്കറ്റ് വീതം നേടി. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 497/9 ഡിക്ലയറിനെതിരേ ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്‌സ് 162ല്‍ അവസാനിച്ചു. ഫോളോ ഓണിനു വിധിക്കപ്പെട്ട ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിംഗ്‌സിലും തകര്‍ന്നടിയുകയായിരുന്നു. ഇന്ത്യന്‍ ബൗളര്‍മാര്‍ പിടിമുറുക്കിയതോടെ ദക്ഷിണാഫ്രിക്ക ദയനീയ അവസ്ഥയിലേക്ക് കൂപ്പുകുത്തി. ബുള്ളറ്റ് ബൗളിംഗുമായി മുന്‍നിരയെ വീഴ്ത്തി ഹീറോയായത് ഷാമിയും ഉമേഷുമാണ്. രണ്ടാം സെഷനില്‍ ഏഴ് റണ്‍സ് വഴങ്ങുന്നതിനിടെയായിരുന്നു ഷാമി മൂന്ന് ദക്ഷിണാഫ്രിക്കന്‍ വിക്കറ്റുകള്‍ വീഴ്ത്തിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍