പെയ്‌തൊഴിയാതെ കാലവര്‍ഷം; തുലാവര്‍ഷം ഒക്ടോബര്‍ പകുതിയോടെ

തിരുവനന്തപുരം: കാലവര്‍ഷ കാലം (ജൂണ്‍ ഒന്നു മുതല്‍ സെപ്റ്റംബര്‍ 30 വരെ) അവസാനിച്ചിട്ടും സംസ്ഥാനത്തു പെയ്യുന്ന മഴ കാലവര്‍ഷത്തിന്റെ തുടര്‍ച്ച തന്നെയാണെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഒക്ടോബര്‍ 20 ഓടെ കേരളത്തില്‍ തുലാവര്‍ഷം പെയ്തു തുടങ്ങുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ജൂണ്‍ ഒന്നിന് ആരംഭിച്ച് ലക്ഷദ്വീപ് മുതല്‍ പശ്ചിമ രാജസ്ഥാന്‍ വരെ സഞ്ചരിച്ച് സെപ്റ്റംബര്‍ ഒന്നോടെ പിന്‍വാങ്ങാന്‍ തുടങ്ങുന്നതാണ് കാലവര്‍ഷത്തിന്റെ പതിവ് പെയ്ത്തു രീതി. എന്നാല്‍, ഈ വര്‍ഷം, സെപ്റ്റംബര്‍ മാസം അവസാനിച്ചിട്ടും പിന്‍വാങ്ങാതെ കാലവര്‍ഷം പെയ്ത്തു തുടരുന്നു. ഇതോടെ ഉത്തരേന്ത്യയില്‍ മഴക്കെടുതി രൂക്ഷമാവുകയുമാണ്. രാജ്യത്ത് അവസാനം കാലവര്‍ഷം എത്തുന്നതും ആദ്യം പിന്‍വാങ്ങാന്‍ തുടങ്ങുന്നതും പടിഞ്ഞാറന്‍ രാജസ്ഥാനിലാണ്. സെപ്റ്റംബര്‍ ഒന്നോടെ പശ്ചിമ രാജസ്ഥാനിലെത്തുന്ന കാലവര്‍ഷം 15ാം തീയതിയോടെ ഇവിടെ നിന്നു പിന്‍വാങ്ങുകയാണ് പതിവ്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ മൂന്നു തവണ മാത്രമാണ് ഈ തീയതിയില്‍ മാറ്റമുണ്ടായത്. എന്നാല്‍, പശ്ചിമ രാജസ്ഥാനില്‍ ഇപ്പോഴും മഴ പെയ്യുകയാണ്. ഇതോടെ 60 വര്‍ഷത്തിനിടയില്‍ ആദ്യമായി കാലവര്‍ഷത്തിന്റെ പിന്‍വാങ്ങല്‍ ഒക്ടോബറിലേക്കു നീളുകയാണ്. കഴിഞ്ഞ രണ്ടു വര്‍ഷമായി ജൂണ്‍, ജൂലൈ മാസങ്ങളില്‍ പെയ്യാന്‍ മടിച്ചുനില്‍ക്കുന്ന കാലവര്‍ഷം ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ തിമിര്‍ത്തു പെയ്യുന്ന രീതിയിലേക്കു കളം മാറിയിരിക്കുന്നു. ഓഗസ്റ്റില്‍ ശരാശരി 419.5 മില്ലിമീറ്റര്‍ മഴയാണ് കേരളത്തിനു കിട്ടേണ്ട ത്. എന്നാല്‍ 2018 ല്‍ അത് 774.65 മില്ലിമീറ്ററും ഈ വര്‍ഷം 951.5 സെന്റിമീറ്ററുമായി. ഈ വര്‍ഷം സെപ്റ്റംബറില്‍ കഴിഞ്ഞ പത്തു വര്‍ഷത്തിനിടയിലെ റിക്കാര്‍ഡ് മഴയാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത് 440.9 മില്ലിമീറ്റര്‍. സെപ്റ്റംബറില്‍ ആകെ 259.5 മില്ലിമീറ്റര്‍ പെയ്യേണ്ട സ്ഥാനത്താണ് 70 ശതമാനത്തിനു മുകളിലുള്ള ഈ അധികപ്പെയ്ത്ത്. കാലവര്‍ഷത്തില്‍ ആകെ പെയ്യേണ്ട 2049.2 മില്ലിമീറ്റര്‍ മഴയുടെ സ്ഥാനത്ത് ഇന്നലെ വരെ പെയ്തത് 2345.9 മില്ലിമീറ്റര്‍ മഴയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍