റബര്‍ മേഖലയിലെ പ്രതിസന്ധിക്ക് പരിഹാരം കാണും: മന്ത്രി ജയരാജന്‍

കണ്ണൂര്‍: റബര്‍ മേഖലയിലെ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമെന്ന് വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍. വിലത്തകര്‍ച്ച മൂലം റബര്‍ കര്‍ഷകര്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനാവശ്യമായ പദ്ധതികള്‍ നടപ്പാക്കിവരികയാണെന്നും വ്യാവസായിക വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. കണ്ണൂര്‍ റബര്‍ പ്രൊഡക്ട്‌സ് കമ്പനിയുടെ ഓഫീസ് പാപ്പിനിശേരി കേരള ക്ലേയ്‌സ് ആന്‍ഡ് സിറാമിക്‌സ് അങ്കണത്തില്‍ ഉദ്ഘാടനംചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വലിയ വിലത്തകര്‍ച്ചയാണ് റബര്‍ കര്‍ഷകര്‍ ഇന്നനുഭവിക്കുന്നത്. രാജ്യത്ത് റബര്‍ ഉത്പാദനത്തില്‍ 78 ശതമാനവും സംഭാവന ചെയ്യുന്നത് കേരളമാണ്. കൃഷിഭൂമിയുടെ 21 ശതമാനവും സംസ്ഥാനത്ത് റബര്‍ കൃഷിക്കാണ് ഉപയോഗിക്കുന്നത്. റബര്‍ ഇറക്കുമതിനയം കര്‍ഷകരെ പ്രതിസന്ധിയിലാക്കി. ടയര്‍ കമ്പനികള്‍ ഉള്‍പ്പെടെ വിദേശരാജ്യങ്ങളില്‍നിന്നാണ് അവര്‍ക്കുവേണ്ട റബര്‍ ഇറക്കുമതി ചെയ്യുന്നത്. 2016 മുതല്‍ റബര്‍ വിലയില്‍ വലിയതോതില്‍ ഇടിവുണ്ടായി. ഇത് ഈ മേഖലയില്‍നിന്ന് കര്‍ഷകരെ പിന്നോട്ട് വലിച്ചു. ഇത്തരമൊരു സാഹചര്യത്തിലാണ് റബര്‍ കര്‍ഷകരെ സംരക്ഷിക്കാനാവശ്യമായ പദ്ധതികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. ഇതിനായി കോട്ടയം കേന്ദ്രീകരിച്ച് റബറധിഷ്ഠിത വ്യവസായം തുടങ്ങാന്‍ മുഖ്യമന്ത്രി ചെയര്‍മാനും വ്യവസായ മന്ത്രി വൈസ് ചെയര്‍മാനുമായും കമ്മിറ്റി രൂപീകരിച്ച് നടപടികള്‍ സ്വീകരിച്ചുവരികയാണ്. ഇതിന്റെ തുടര്‍ച്ചയായാണ് കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ റബര്‍ കര്‍ഷകര്‍ക്കായി റബര്‍ പ്രൊഡക്ഷന്‍ കമ്പനി ആരംഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു.ഓപ്പറേഷന്‍ തിയേറ്ററുകളില്‍ ഉപയോഗിക്കുന്ന സര്‍ജിക്കല്‍ ഗ്ലൗസ് നിര്‍മിക്കാനാണ് ആദ്യഘട്ടത്തില്‍ ലക്ഷ്യമിടുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍