ജയില്‍ അച്ചടക്കത്തില്‍ വിട്ടുവീഴ്ചയില്ല : ഋഷിരാജ് സിംഗ്

കൊല്ലം: ജയില്‍ ജീവനക്കാര്‍ക്കും അന്തേവാസികള്‍ക്കും അച്ചടക്കത്തില്‍ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് ജയില്‍ ഡി.ജി.പി ഋഷിരാജ് സിംഗ് പറഞ്ഞു. മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കൊല്ലം ജില്ലാ ജയിലില്‍ തടവുകാര്‍ക്കായി ആരംഭിച്ച മൃഗസംരക്ഷണ പരിശീലനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിചാരണ വേളകളില്‍ പുറത്ത് നിന്ന് കഞ്ചാവ്, മൊബൈല്‍ ഫോണ്‍ മുതലായവ ജയിലിനുള്ളില്‍ എത്തുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നുണ്ട്. പരിശോധനകള്‍ സ്ഥിരമായി നടത്തുന്നുണ്ടെങ്കിലും അനുവദനീയമായ കാര്യങ്ങള്‍ക്ക് യാതൊരു കുറവും ഉണ്ടാകില്ല. ശിക്ഷാവിധി കഴിഞ്ഞ് പുറത്തിറങ്ങുന്നവര്‍ക്ക് മാന്യമായി സ്വയംതൊഴില്‍ ചെയ്ത് ജീവിക്കാനൊരു മാര്‍ഗം എന്നതാണ് പരിശീലന പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. വിചാരണ തടവുകാരെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നുണ്ട്. സംസ്ഥാനത്തെ 55 ജയിലുകളിലും സ്ഥലപരിമിതി എന്ന പോരായ്മ നിലനില്‍ക്കുമ്പോഴും കുറഞ്ഞത് രണ്ട് പരിശീലന പദ്ധതികള്‍ നടപ്പാക്കാനാണ് തീരുമാനം. കുട, ഫര്‍ണിച്ചര്‍ നിര്‍മ്മാണം, അലങ്കാര മത്സ്യകൃഷി എന്നിങ്ങനെ തടവുകാര്‍ക്കായി പല പദ്ധതികളും നടക്കുന്നുണ്ട്. ഓണ്‍ലൈന്‍ ഭക്ഷണവിതരണം കേരളത്തിലെ ജയിലുകളുടെ മാത്രം പ്രത്യേകതയാണെന്നും എട്ടു ജില്ലകളില്‍ ഇവ വലിയ വിജയമായി തുടരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പരിശീലനത്തിന്റെ ഭാഗമായി ജയില്‍ സൂപ്രണ്ടിന് ആട്ടിന്‍കുട്ടിയെ അദ്ദേഹം കൈമാറി. തടവുകാര്‍ നിര്‍മ്മിച്ച കുടകളുടെ വിതരണോദ്ഘാടനവും നിര്‍വഹിച്ചു. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ബി.ശൈലജ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.ഡോളിമോള്‍ പി.ജോര്‍ജ്, ജില്ലാ ജയില്‍ സൂപ്രണ്ട് ജി. ചന്ദ്രബാബു, റിസര്‍ച്ച് അക്കാഡമി ഫോര്‍ ക്രിയേറ്റീവ് എക്‌സലന്‍സ് ചെയര്‍മാന്‍ എം.സി. രാജിലന്‍, മൃഗസംരക്ഷണ വകുപ്പ് അസി.ഡോ.ഡി. ഷൈന്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍