കെ.എ.എസ്: ആദ്യ പരീക്ഷയ്ക്ക് മലയാളത്തില്‍ ചോദ്യങ്ങളില്ല

തിരുവനന്തപുരം: അടുത്ത വര്‍ഷം മാര്‍ച്ചിന് മുമ്പ് നടത്തേണ്ട കേരള ഭരണ സര്‍വീസിന്റെ (കെ.എ.എസ്) ആദ്യ പരീക്ഷയില്‍ മലയാളത്തില്‍ ചോദ്യങ്ങള്‍ ഉണ്ടാകില്ല. സര്‍ക്കാര്‍ തീരുമാനമെടുത്ത് അറിയിക്കുന്ന മുറയ്ക്ക് മലയാളത്തിലും ചോദ്യങ്ങള്‍ പരിഗണിക്കുമെന്നാണ് അപേക്ഷ ക്ഷണിക്കാന്‍ പി.എസ്.സി തയ്യാറാക്കിയ വിജ്ഞാപനത്തിലുള്ളത്. അന്തിമ വിജ്ഞാപനം അടുത്തയാഴ്ച പ്രസിദ്ധീകരിക്കും. 200 മാര്‍ക്കിനുള്ള പ്രാഥമിക പരീക്ഷയില്‍ ചോദ്യങ്ങള്‍ മലയാളത്തിലും പരിഗണിക്കാനാണ് നേരത്തേ തീരുമാനിച്ചിരുന്നത്. അന്തിമ വിജ്ഞാപനത്തില്‍ മലയാളത്തില്‍ ചോദ്യം ഉള്‍പ്പെടുത്തുന്നതു സംബന്ധിച്ച ഉറപ്പ് നല്‍കണമെന്ന് പി.എസ്.സി അംഗങ്ങളില്‍ ചിലര്‍ ആവശ്യപ്പെട്ടതായാണ് അറിയുന്നുത്. എന്നാല്‍, മലയാളത്തില്‍ ചോദ്യങ്ങള്‍ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ അദ്ധ്യക്ഷനായ ഭാഷാനയ രൂപീകരണ സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം വിജ്ഞാപനത്തില്‍ ഉള്‍പ്പെടുത്താമെന്നാണ് പി.എസ്.സി ചെയര്‍മാന്‍ അടക്കമുള്ളവരുടെ അഭിപ്രായം. കഴിഞ്ഞ മാസമാണ് സര്‍ക്കാര്‍ ഭാഷാനയ രൂപീകരണ സമിതിക്ക് രൂപം നല്‍കിയത്. വി.സിമാരും ഭാഷാവിദഗ്ദ്ധന്മാരും ഉള്‍പ്പെട്ട സമിതിയുടെ റിപ്പോര്‍ട്ട് പുറത്തുവരാന്‍ ഒരു വര്‍ഷത്തിലേറെയെടുക്കും. കെ.എ.എസ് വിജ്ഞാപനവും സിലബസും ഉടന്‍ പ്രസിദ്ധീകരിക്കുകയും ആദ്യപരീക്ഷ മാര്‍ച്ചിനു മുമ്പ് നടത്തുകയും വേണം. അതിനാല്‍ മലയാളത്തിലുള്ള ചോദ്യങ്ങള്‍ തിരക്കിട്ട് ഉള്‍പ്പെടുത്തേണ്ടെന്നാണ് പി.എസ്.സിയുടെ തീരുമാനം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍