ഗോഡ്‌സെക്ക് ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കുന്നതിനെതിരെ നിയമ നിര്‍മ്മാണം നടത്തണമെന്ന് എ.കെ ആന്റണി

തിരുവനന്തപുരം:ഗോഡ്‌സെക്ക് ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കുന്നതിനെതിരെ കേന്ദ്ര സര്‍ക്കാര്‍ നിയമ നിര്‍മ്മാണം നടത്തണമെന്ന് എ.കെ ആന്റണി. അടിച്ചമര്‍ത്തലിലൂടെയുള്ള ഏകത്വത്തിന് നിലനില്‍പില്ലെന്നും ആന്റണി പറഞ്ഞു. ഗാന്ധി ജയന്തി ദിനത്തില്‍ തിരുവനന്തപുരത്ത് കോണ്‍ഗ്രസ് പദയാത്രയില്‍ സംസാരിക്കുകയായിരുന്നു ആന്റണി. തിരുവനന്തപുരത്ത് പി.എം.ജി മുതല്‍ കിഴക്കേകോട്ട വരെയായിരുന്നു പദയാത്ര. ചുട്ടുപൊള്ളുന്ന വെയിലിലും നാല് കിലോമീറ്റര്‍ ദൂരം പദയാത്ര മുന്നില്‍ നിന്ന് നയിച്ചത് എ.കെ ആന്റണി. ഒപ്പം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് വന്ന നൂറു കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരും. ഗാന്ധി പാര്‍ക്കിലെ പ്രതിമയില്‍ പുഷ്പാര്‍ച്ചനക്ക് ശേഷം ഗാന്ധി സന്ദേശ പ്രസംഗം. കേന്ദ്ര സര്‍ക്കാരിന്റെ ഗാന്ധി പ്രേമം ആത്മാര്‍ത്ഥതയില്ലാത്തതാണെന്ന് ആന്റണി ആരോപിച്ചു. കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ്, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍ ഉള്‍പ്പെടെ നേതാക്കള്‍ പദയാത്രയില്‍ അണിനിരന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍