പുരുഷാധിപത്യത്തിനു വിട! കോഫീ ഹൗസില്‍ ഇനി വനിതാ ജീവനക്കാരും

പൂച്ചാക്കല്‍: ചേര്‍ത്തലയിലെ ഇന്ത്യന്‍ കോഫീ ഹൗസില്‍ കഴിഞ്ഞ ദിവസം പതിവുപോലെ ഭക്ഷണം കഴിക്കാനെത്തിയവരെല്ലാം അമ്പരപ്പോടെയാണ് മടങ്ങിയത്. കിരീടം പോലുള്ള തൊപ്പി വച്ച് ഭക്ഷണവുമായെത്തുന്ന ജീവനക്കാരുടെയിടയിലോ അടുക്കളയില്‍ ഭക്ഷണമൊരുക്കുന്നവരുടെയിടയിലോ കൗണ്ടറിലിരിക്കുന്ന യാളായോ സ്ത്രീകളെ കോഫി ഹൗസില്‍ ഇന്നേവരെ കണ്ടിട്ടി ല്ലാത്തവര്‍ ബിന്ദുവിനേയും വര്‍ഷയേയും അത്ഭുതത്തോടെ നോക്കി. പതിവു ജീവനക്കാര്‍ക്കൊപ്പം കഴിഞ്ഞ ദിവസം മുതല്‍ ചുറുചു റുക്കോടെ ഓടി നടന്ന് ജോലി ചെയ്യുന്ന രണ്ടു വനിതകളെയും കണ്ടവര്‍ ഇതെന്തു കഥ എന്ന് അത്ഭുതപ്പെട്ടു. നിങ്ങളെ പണിക്കെടുത്തോ എന്നായിരുന്നു പലുടേയും ചോദ്യം. അത്ഭുതത്തോടെ നോക്കിയവര്‍ക്കെല്ലാം ഒരു പുഞ്ചിരിയോടെ ബിന്ദു മറുപടിയും നല്‍കി. അതേ...ഞങ്ങളും ഇന്ത്യന്‍ കോഫീ ഹൗസിലെ ജീവനക്കരാണ്..... ഇന്ത്യന്‍ കോഫീ ഹൗസിന്റെ ചരിത്രത്തില്‍ പുതിയ അധ്യായം എഴുതപ്പെടുകയായിരുന്നു. സംസ്ഥാനത്തെ നാല് ജില്ലകളിലായി ആറ് വനിതകളാണ് ജീവനക്കാരായി കഴിഞ്ഞ ദിവസം ചുമതലയേറ്റത്. ജില്ലയിലെ ചേര്‍ത്തല ഇന്ത്യന്‍ കോഫീ ഹൗസില്‍ രണ്ട് വനിതകളാണ് ജീവനക്കാരായി ചുമതലയേറ്റത്. പള്ളിപ്പുറം പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ തിരുവാതിരയില്‍ പരേതനായ ജയകുമാറിന്റെ ഭാര്യ ബിന്ദു, പള്ളിപ്പുറം കിഴക്കെ പാലക്കുളങ്ങരയില്‍ പരേതനായ രാധാകൃഷ്ണന്റെ മകള്‍ വര്‍ഷ എന്നിവരാണ് ചുമതലയേറ്റത്. ഇരുവരുടെയും ആശ്രിത നിയമനമാണ്. ചേര്‍ത്തല ബ്രാഞ്ചിലെ മാനേജരായിരിക്കെ ഒരു വര്‍ഷം മുന്പാണ് ജയകുമാര്‍ മരണപ്പെട്ടത്. ആലപ്പുഴ ബ്രാഞ്ചിലെ ജീവനക്കാരനായിരിക്കെ 18 വര്‍ഷം മുമ്പാണ് രാധാകൃഷ്ണന്‍ മരിച്ചത്. ആറു മാസം ഇവര്‍ക്ക് പ്രൊബേഷന്‍ സമയമാണ്. തിരുവനന്തപുരത്ത് രണ്ടും തൃശൂരും എറണാകുളത്തും ഓരോരുത്തര്‍ വീതവുമാണ് സമാന രീതിയില്‍ ജോലിയില്‍ പ്രവേശിച്ചത്.1958 ല്‍ കമ്യൂണിസ്റ്റ് നേതാവായിരുന്ന ഏ.കെ. ഗോപാലന്‍ മുന്‍കൈ എടുത്ത് സ്ഥാപിച്ച ഇന്ത്യന്‍ കോഫീ ഹൗസ് രണ്ട് സൊസൈറ്റികള്‍ക്ക് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. 80 ഓളം ശാഖകളിലായി 3500 ഓളം ജീവനക്കാരുണ്ട്. ആറ് വനിതകള്‍ ജീവനക്കാരായി ചുമതലയേല്‍ക്കുമ്പോള്‍ വിരാമമാകുന്നത് കോഫീ ഹൗസിലെ പുരുഷാധിപത്യത്തിനു കൂടിയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍