ഗാന്ധിജയന്തിദിനത്തില്‍ രാജ്യം പ്ലാസ്റ്റിക് വിമുക്തിയിലേക്ക് ചുവടുവയ്ക്കുന്നു

ന്യൂഡല്‍ഹി: മഹാത്മാഗാന്ധിയുടെ 150ാം ജന്മവാര്‍ഷികദിനമായ ഇന്നു രാജ്യം പ്ലാസ്റ്റിക് വിമുക്തിയിലേക്കു നിര്‍ണായക ചുവടുവയ്ക്കും. ഒരു തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് നിരോധിക്കുന്ന വിജ്ഞാപനം ഇന്ന്. സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധനമാണിതെന്ന തെറ്റിദ്ധാരണ ശരിയല്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ചയും വിശദീകരിച്ചു. ഒറ്റത്തവണ മാത്രം ഉപയോഗിക്കാന്‍ പറ്റുന്ന പ്ലാസ്റ്റിക്കിനാണു നിരോധനം. എന്നാല്‍, ഈ നിരോധനത്തിന്റെ വിശദാംശങ്ങള്‍ ഇനിയും പുറത്തുവന്നിട്ടില്ല. ബിസ്‌കറ്റ് പായ്ക്കറ്റില്‍ ഉപയോഗിക്കുന്നവ മുതല്‍ പാല്‍കവര്‍ വരെ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകളുടെ ശ്രേണി വളരെ വലുതാണ്. നിരോധനം ഭക്ഷ്യവസ്തുക്കള്‍ അടക്കം എല്ലാറ്റിന്റെയും പായ്ക്കിംഗ് ചെലവ് വര്‍ധിപ്പിക്കും. പലതിനും സുരക്ഷിതമായ ബദല്‍ പായ്ക്കിംഗ് സാമഗ്രികള്‍ കണ്ടെത്തുക എളുപ്പമല്ല. പ്ലാസ്റ്റിക്കിനു പകരം കടലാസ് ഉപയോഗിക്കുമെന്നാണു കരുതപ്പെടുന്നത്. ഇന്നു വിജ്ഞാപനം പുറത്തുവരുമ്പോഴേ ഏതെല്ലാം ഇനം പ്ലാസ്റ്റിക്കുകള്‍ക്കാണു വിലക്ക് എന്നറിവാകൂ. കാരിബാഗുകള്‍, കപ്പുകള്‍, കുപ്പികള്‍, സ്‌ട്രോകള്‍, ചിലയിനം സാഷെകള്‍, സ്പൂണ്‍, കത്തി, ഫോര്‍ക്ക് തുടങ്ങിയവയൊക്കെ നിരോധിക്കപ്പെടുമെന്നാണു സൂചന. ഒറ്റത്തവണ ഉപയോഗിക്കാവുന്നത് എന്നതിന്റെ നിര്‍വചനവും ഇന്നേ അറിവാകൂ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍