പിഎസ്‌സി പരീക്ഷാ ചോദ്യങ്ങള്‍ മലയാളത്തില്‍ തയാറാക്കാന്‍ ഉപസമിതി

തിരുവനന്തപുരം: പരീക്ഷകള്‍ക്കുള്ള ചോദ്യപേപ്പറുകള്‍ ഇംഗ്ലീഷിനൊപ്പം മലയാളത്തിലും നല്‍കാന്‍ പിഎസ്‌സിയെ സഹായിക്കുന്നതിന് സര്‍വകലാശാലകളുടെയും ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും പ്രതിനിധികളുള്ള ഉപസമിതി രൂപീകരിക്കുന്നതിനു തീരുമാനം.മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ വിളിച്ചുചേര്‍ത്ത വൈസ് ചാന്‍സലര്‍മാരുടെ യോഗത്തിലാണ് തീരുമാനം. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രഫ. വി. കാര്‍ത്തികേയന്‍ നായര്‍ കണ്‍വീനറായ സമിതിയില്‍ മലയാളം, സംസ്‌കൃതം സര്‍വകലാശാലകളുടെയും കേരള, മഹാത്മാഗാന്ധി, കോഴിക്കോട്, കണ്ണൂര്‍ സര്‍വകലാ ശാലകളുടെയും പ്രതിനിധികള്‍ ഉണ്ടാകും. ഇംഗ്ലീഷിലും മലയാളത്തിലും ചോദ്യങ്ങള്‍ തയാറാക്കാന്‍ പ്രാപ്തിയുള്ള അധ്യാപകരെ കണ്ടെത്താനും സാങ്കേതിക പദങ്ങള്‍ മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്യാനുമുള്ള സഹായം ഉറപ്പാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ ഉപസമിതി സമര്‍പ്പിക്കും. ചോദ്യം തയാറാക്കാന്‍ കഴിയുന്നവരുടെ പട്ടിക തയാറാക്കാന്‍ സര്‍വകലാശാലകള്‍ പിഎസ്‌സിയെ സഹായിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇംഗ്ലീഷില്‍ ചോദ്യം തയാറാക്കുന്ന അധ്യാപകര്‍ തന്നെ അത് പരിഭാഷപ്പെടുത്തി നല്‍കണമെന്നാണ് പിഎസ്‌സിയുടെ ആവശ്യം. പ്ലസ് ടു തലത്തില്‍ ഇപ്പോള്‍ തന്നെ പാഠപുസ്തകങ്ങള്‍ എസ്‌സിഇആര്‍ടി മലയാളത്തിലാക്കിയിട്ടുണ്ട്. സാങ്കേതികപദ നിഘണ്ടുവും അവര്‍ തയാറാക്കിയിട്ടുണ്ട്. ചോദ്യപേപ്പര്‍ തയാറാക്കുന്ന അധ്യാപകര്‍ക്ക് സഹായത്തിന് ഇത് ഉപയോഗിക്കാന്‍ പറ്റുമോ എന്ന് പരിശോധിക്കണംമുഖ്യമന്ത്രി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍