ദി ഫൈനല്‍ ഡെത്ത്

ഇസ്ലാമിന്റെ പേരില്‍ വ്യാജ ജിഹാദിന് ഒരുമ്പെട്ടിറങ്ങി ഭീകരാക്രമണങ്ങള്‍ നടത്തുന്ന ഐ.എസ്.എന്ന തെമ്മാടി കൂട്ടത്തിന് നേതൃത്വം നല്‍കിയിരുന്ന, 2015 നും 2017 മിടയില്‍ ആറ് തവണ 'കൊല്ലപ്പെട്ട' അബൂബക്കര്‍ ബാഗ്ദാദി ഇപ്പോള്‍ യഥാര്‍ത്ഥത്തില്‍ കൊല്ലപ്പെട്ടിരിക്കുന്നു. അഥവാ സ്വയം പൊട്ടിത്തെറിച്ച് എന്നന്നേക്കുമായി ഇല്ലാതായിരിക്കുന്നു. ( ഇപ്പോള്‍ ഈ വാര്‍ത്ത നമുക്ക് വിശ്വസിക്കാം എന്ന് തോന്നുന്നു) അതുവഴി സാക്ഷാല്‍ ഡൊണാള്‍ഡ് ട്രംപിന് അടുത്ത ഊഴത്തിലും വിജയകരമായി അമേരിക്കന്‍ പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കാന്‍ അനുകൂലസാഹചര്യം സൃഷ്ടിക്കപ്പെട്ടിരിക്കുകയാണ്. ട്രംപിന്റെ കാര്യം അവിടെ ഇരിക്കട്ടെ, ഐഎസ് ഇനിയെങ്കിലും നാമാവശേഷമാകുമോ എന്നതും അക്കൂട്ടര്‍ മൂലവും അവരെ സംഹരിക്കാന്‍ എന്ന പേരിലും ഉണ്ടായ വിലപ്പെട്ട ആയിരക്കണക്കിന് മനുഷ്യജീവനുകള്‍ അടക്കമുള്ളവയുടെ നാശനഷ്ടങ്ങള്‍ എങ്ങനെ പരിഹരിക്കപ്പെടും എന്നതുമാണ് നമ്മുടെ പ്രശ്‌നം. ഐഎസിന്റെ പതനമെന്ന ശീര്‍ഷകത്തോടെ കഴിഞ്ഞ മാര്‍ച്ച് 27ന് ഇതേ പംക്തിയില്‍ പ്രസിദ്ധീകരിച്ച കുറിപ്പാണ് താഴെ കൊടുക്കുന്നത്. ഇപ്പോള്‍ പ്രസക്തമെന്ന് തോന്നിയതിനാല്‍ ഒരിക്കല്‍കൂടി പ്രസിദ്ധീകരിക്കുന്നു.
സലാം എന്ന അറബി വാക്കിന് സമാധാനം, അനുസരണ, രക്ഷ തുടങ്ങി ഒരുപാട് അര്‍ത്ഥഭേദങ്ങളുണ്ട്. സലാം എന്ന പദത്തില്‍ നിന്നാണ് ഇസ്ലാം എന്ന മതനാമമുണ്ടായത്. ഇസ്ലാം എന്ന ചിന്തയെയും വിശ്വാസത്തെയും അംഗീകരിക്കുന്നവരെ മുസ്ലിം എന്ന് പറയുന്നു. എന്നുപറഞ്ഞാല്‍ ഏക ദൈവമായ അല്ലാഹുവിന്റെ വിധിവിലക്കുകളനുസരിച്ച് ജീവിക്കുന്നവര്‍ എന്ന്. ഈ പേരില്‍ തന്നെ ലയിച്ചു കിടക്കുന്നു സമാധാനം എന്ന വാക്ക്. ചുരുക്കിപ്പറഞ്ഞാല്‍ മുസ്ലിമായ ഒരാള്‍ സര്‍വ്വ രംഗങ്ങളിലും സമാധാനം ആഗ്രഹിക്കുകയും അതിന്റെ നിലനില്‍പ്പിനുവേണ്ടി പ്രവര്‍ത്തിക്കുകയും വേണം. അതുകൊണ്ട് കൂടിയാണ് ദൈവത്തിന്റെ രക്ഷയും സമാധാനവും താങ്കള്‍ക്കും ഉണ്ടാവട്ടെ( അസ്സലാമു അലൈക്കും) എന്നത് ഇസ്ലാമിന്റെ അഭിവാദ്യ രീതി ആയത്. സമാധാനത്തിന്റെ മതമാണ് ഇസ്ലാം. ജിഹാദ് എന്ന അറബി വാക്ക് ഇസ്ലാം എന്ന പ്രത്യയ ശാസ്ത്രത്തോട് ഒട്ടി നില്‍ക്കുന്ന ഒന്നാണ്. ജിഹാദ് എന്നാല്‍ ധര്‍മ്മയുദ്ധം. എന്നുവെച്ചാല്‍ അനീതിക്കും അക്രമത്തിനുമെതിരെ,അനാചാരങ്ങള്‍ക്കും അരുതായ്മകള്‍ക്കുമെതിരെ,കുറ്റകൃത്യങ്ങള്‍ക്കും ദൈവ നിഷേധത്തിനുമെതിരെ,അരാജകത്വത്തിനും സ്വേച്ഛാധിപത്യത്തിനും ദുഷിച്ച ഏകാധിപത്യ പ്രവണതകള്‍ക്കുമെതിരെ, എന്ന് വേണ്ട മറ്റെല്ലാ തിന്മകള്‍ക്കും അനീതികള്‍ക്കുമെതിരെ ഒരു ഏകദൈവ വിശ്വാസിയുടെ അഥവാ മുസ്ലിമിന്റെ മനസാ- വാചാ- കര്‍മ്മണാ ഉള്ള,അല്ലെങ്കില്‍ ഉണ്ടാവേണ്ട പ്രതിരോധമാണ് ജിഹാദിന്റെ വിശാലമായ അര്‍ത്ഥം. അങ്ങനെയാണ് അല്ലാഹുവും പ്രവാചകനും പഠിപ്പിച്ചത്.എന്നാല്‍ ആധുനികലോകം ജിഹാദ് എന്ന പ്രയോഗത്തെ ദുര്‍വ്യാഖ്യാനം ചെയ്തു കളഞ്ഞു. നമ്മുടെ നാട്ടില്‍ പ്രേമ വിവാഹത്തിന് വരെ ലൗജിഹാദ് എന്ന പേരുവന്നു. പറഞ്ഞുവരുന്നത് ഇതൊന്നുമല്ല, ഐഎസ് എന്ന ഭീകര സംഘടനയുടെ തകര്‍ച്ചയെ പറ്റിയാണ്.തങ്ങള്‍ പറയുന്നത്,തങ്ങള്‍ പറയുന്നത് മാത്രമാണ് ശരി എന്ന കടുംപിടുത്തവും ആയുധങ്ങളുമായി ശരിയായ ഇസ്ലാമിക് സ്റ്റേറ്റ് സ്ഥാപിക്കാന്‍ ഇറങ്ങിത്തിരിച്ച് വഴിപിഴച്ചു പോയവരാണ്.ആദ്യം ഇറാഖിലും പിന്നീട് സിറിയയിലും ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് വേരുറപ്പിച്ച ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് സിറിയ( ഐ.എസ്.ഐ.എസ്)എന്ന് ഇംഗ്ലീഷിലും ദൗറ ഇസ്ലാമിയ ഫില്‍ ഇറാക്ക് വശ്ശാം (ദാഇശ് ) എന്ന് അറബിയിലും പേര് വിളിക്കപ്പെടുന്ന ഐ എസ് എന്ന ഭീകരക്കൂട്ടം. അമേരിക്കയുടെ യുദ്ധക്കൊതിയുടെയും അന്യായമായ ദ്രവ്യ മോഹത്തിന്റെയും ഇരയായി അരാജകത്വത്തില്‍ അമര്‍ന്ന ഇറാക്കില്‍ 2006 ല്‍ ഇപ്പോള്‍ ജീവിച്ചിരിപ്പില്ല ഇന്നും ഉണ്ട് എന്നും പരസ്പരവിരുദ്ധമായി വിശ്വസിക്കപ്പെടുന്ന അബൂബക്കര്‍ അല്‍ ബഗ്ദാദി എന്ന സ്വയംപ്രഖ്യാപിത ഖലീഫയാല്‍ ശാക്തീകരിക്കപ്പെട്ട് അതിനുശേഷം ഏറെക്കാലമായി ഇറാക്കിലും തുടര്‍ന്ന് സിറിയയിലും സ്വന്തം കോട്ടകൊത്തളങ്ങള്‍ തീര്‍ത്ത് വീറോടെ പൊരുതിയ ആ ഭീകരസംഘമാണ് സിറിയയിലെ അവരുടെ അവസാനത്തെ താവളമായ ബഗൂസ് പ്രദേശം അമേരിക്കന്‍ സൈന്യത്തിന്റെ പിന്തുണയോടെ സിറിയയില്‍ ഡെമോക്രാറ്റിക് ഫോഴ്‌സ് പിടിച്ചെടുത്തതോടെ ഇപ്പോള്‍ അസ്തമിച്ചിരിക്കുന്നത്. എന്നാല്‍ ഈ സംഗതി നേരെങ്കിലും ഐഎസിന്റെ ആജ്ഞാനുവര്‍ത്തികളായ കൊച്ചു കൊച്ചു കൂട്ടങ്ങള്‍ ഇറാഖിലും സിറിയയിലും ലോകത്തിന്റെ മറ്റു ചില ഭാഗങ്ങളിലുമുണ്ടുതാനും. അതുകൊണ്ടുതന്നെ സിറിയയും ഇറാക്കും കൂടുതല്‍ ജാഗ്രതയോടെ ഇരുന്നില്ലെങ്കില്‍ ഐഎസ് ഇനിയും തലപൊക്കുമെന്നുറപ്പ്.
ഐഎസിന്റെ ഒരു ശൈലി തന്നെ വേറെയായിരുന്നു. തങ്ങളുടെ ഖലീഫയെ അംഗീകരിക്കാത്ത മുസ്ലീങ്ങള്‍ അടക്കമുള്ളവരെ അവര്‍ ഇഷ്ടംപോലെ കൊന്നുതള്ളി. പെണ്‍കുട്ടികളെ കൂട്ടമായി തട്ടിക്കൊണ്ടുപോയി തടങ്കലില്‍ പാര്‍പ്പിക്കുകയും പീഡിപ്പിക്കുകയും ചെയ്തു. ഇങ്ങനെയെന്തെല്ലാം കൂര കുറ്റകൃത്യങ്ങളാണ് അവര്‍ ഇക്കാലമത്രയും ചെയ്തുകൂട്ടിയത്. ചുരുക്കിപ്പറഞ്ഞാല്‍ അടിസ്ഥാനപരമായി തന്നെ ഇസ്ലാമിക വിരുദ്ധമായിരുന്നു അവരുടെ പ്രവര്‍ത്തനങ്ങള്‍. അവരുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ചില്ലറ പേരുദോഷമൊന്നുമല്ല ലോക മുസ്‌ലിം സമൂഹത്തിനുണ്ടായിട്ടുള്ളത്. ഏതായാലും ആ അക്രമിക്കൂട്ടങ്ങള്‍ ഇപ്പോള്‍ താല്‍ക്കാലികമായെങ്കിലും അടിയറവ് പറഞ്ഞിരിക്കുകയാണ്. ചില ഗള്‍ഫ് രാജ്യങ്ങളില്‍ അവര്‍ക്ക് നേരത്തെ സാമ്പത്തിക സ്രോതസ്സുകള്‍ ഉണ്ടായിരുന്നു.എന്നാല്‍ അത് ക്രമേണ നിലച്ചു പോയതും അവരുടെ ഈ പതനത്തിന് ആക്കം കൂട്ടിയിട്ടുണ്ട്. അതേസമയം ഐഎസിനെ തകര്‍ക്കാന്‍ എന്നപേരില്‍ സിറിയയില്‍ ഒരു പട്ടാള അധിനിവേശം തന്നെ നടത്തിയിട്ടുണ്ട് അമേരിക്ക,റഷ്യ,തുര്‍ക്കി തുടങ്ങിയ രാജ്യങ്ങള്‍. സിറിയയിലെ വിമതരെ കൂടി ഇതിന്റെ മറവില്‍ അടിച്ചമര്‍ത്താന്‍ ആ രാജ്യത്തെ ഭരണാധികാരി ബശ്ശാറിന് ഇതുവഴി സാധിച്ചിട്ടുണ്ട്. ഖുര്‍ദിസ്ഥാന്‍ വിഘടനവാദികളും സിറിയയിലെ ഐഎസ് വിരുദ്ധ പോരാട്ടം ഒരു മറയാക്കിയിരുന്നു. ഏതായാലും ഇപ്പോള്‍ ഇങ്ങനെ ഒരു പുതിയ അന്തരീക്ഷം ഉണ്ടായ സ്ഥിതിക്ക് ഇതുമായി ബന്ധപ്പെട്ട എല്ലാ കക്ഷികള്‍ക്കും രാജ്യങ്ങള്‍ക്കും സിറിയയുടെയും ഇറാഖിന്റെയുമൊക്കെ പുരോഗതി ഓര്‍ത്ത് ഒരു വീണ്ടുവിചാരമുണ്ടാവേണ്ടതാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍