ഇതരസംസ്ഥാനക്കാര്‍ക്ക് ആവാസ് കാര്‍ഡ്; കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കാനെന്ന് പോലീസ്

ചങ്ങനാശേരി: പായിപ്പാടും പരിസര പ്രദേശങ്ങളിലും താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് കേരള സര്‍ക്കാര്‍ വിഭാവനം ചെയ്തിട്ടുള്ള ആവാസ് കാര്‍ഡ് വിതരണം ആരംഭിച്ചു. തൃക്കൊടിത്താനം ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ കോട്ടയം ജില്ലാ തൊഴില്‍ വകുപ്പിന്റെ സഹകരണത്തോടെയാണ് കാര്‍ഡ് വിതരണം നടപ്പാക്കുന്നത്. കോട്ടയം ജില്ല ലേബര്‍ ഓഫീസര്‍ പി.ജി. വിനോദ് കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. എല്ലാവര്‍ക്കും പൂര്‍ണമായി കാര്‍ഡ് നല്കുന്നതോടുകൂടി ഇതരസംസ്ഥാന തൊഴിലാളികളെ തിരിച്ചറിയുന്നതിനെ കൂടുതല്‍ സൗകര്യമുണ്ടാകുമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ പറഞ്ഞു.തൃക്കൊടിത്താനം പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലുള്ള പായിപ്പാട്ടും പരിസര പ്രദേശങ്ങളിലും അനിയന്ത്രിതമായി അന്യസംസ്ഥാന തൊഴിലാളികള്‍ ഒരു മാനദണ്ഡവും പാലിക്കാതെ വസിക്കുന്നത് സ്ഥലത്തെ പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്നതോടൊപ്പം ക്രമസമാധാന പ്രശ്‌നങ്ങള്‍ക്കും മദ്യം മയക്കുമരുന്നിന്റെ വ്യാപനത്തിനും കാരണമാകുന്നതായുള്ള കണ്ടെത്തിലിന്റെ അടിസ്ഥാനത്തിലാണ് ആവാസ് കാര്‍ഡ് വിതരണം ചെയ്യുന്നത്.തൃക്കൊടിത്താനം പോലീസ് ഇന്‍സ്‌പെക്ടര്‍ സാജു വര്‍ഗീസിന്റെ നിര്‍ദേശപ്രകാരം ജനമൈത്രി ലെയ്‌സണ്‍ ഓഫീസര്‍ എഎസ്‌ഐ ടി.എന്‍. ശ്രീകുമാര്‍, ബീറ്റ് ഓഫീസര്‍ ഷാജി ആന്റണി, സുരക്ഷ സമിതിയംഗങ്ങളായ പി.റ്റി. ഇസ്മയില്‍, കുര്യാക്കോസ് കൈലാത്ത്, മുഹമ്മദ് ഇസ്മയില്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
പായിപ്പാട് മാര്‍ക്കറ്റില്‍ സംഘടിപ്പിച്ച യോഗത്തില്‍ ആയിരത്തോളം അന്യസംസ്ഥാന തൊഴിലാളികളും പൊതുജനങ്ങളും പങ്കെടുത്തു. പി.ടി. ഇസ്മയില്‍ അധ്യക്ഷത വഹിച്ചു. തൃക്കൊടിത്താനം ജനമൈത്രി പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ കെ.എസ്. ലെബി മോന്‍, സിആര്‍ഓ എഎസ്‌ഐ ടി.എന്‍. ശ്രീകുമാര്‍, ചങ്ങനാശേരി അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ശാലിനി, ബീറ്റ് ഓഫീസര്‍ ഷാജി ആന്റണി എന്നിവര്‍ പ്രസംഗിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍