പ്രാഥമിക സഹകരണ സംഘങ്ങളെ ആദായനികുതിയില്‍നിന്ന് ഒഴിവാക്കാന്‍ നിവേദനം

 ന്യൂഡല്‍ഹി: പ്രാഥമിക സഹകരണ സംഘങ്ങളെ ആദായ നികുതി നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമറിനു നിവേദനം നല്‍കി. പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍ നടത്തുന്ന ഒരു കോടി രൂപയില്‍ കൂടുതലുള്ള കറന്‍സി ഇടപാടുകള്‍ക്ക് രണ്ട് ശതമാനം നികുതി ഏര്‍പ്പെടുത്തുന്ന രീതിയില്‍ ആദായ നികുതി നിയമത്തിലെ 194 എന്‍ വകുപ്പ് ബാധകമാക്കിയത് പിന്‍വലിക്കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. കേരളത്തിലെ പ്രാഥമിക സഹകരണ സംഘങ്ങള്‍ ബാങ്കുകള്‍ക്ക് സമാനമായാണു പ്രവര്‍ത്തിക്കുന്നത്. ഇത് റിസര്‍വ് ബാങ്കിന്റെ അറിവോടെയും സമ്മതത്തോടെയുമാണ്. സാധാരണ ജനങ്ങളുടെ ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതായതിനാല്‍ കറന്‍സി ഇല്ലാതെ ഇടപാടുകള്‍ പൂര്‍ത്തിയാക്കാനാവില്ല. വായ്പയും നിക്ഷേ പവും ജില്ലാ ബാങ്കുകളില്‍ നടത്തുന്ന പുനര്‍നി ക്ഷേപവുമെല്ലാം അടക്കം വലിയ തുകയുടെ ഇടപാടുകളും ഇതില്‍ ഉള്‍പ്പെടും.അത്തരം സാഹചര്യത്തില്‍ ഒരു കോടിക്കു മുകളിലുള്ള കറന്‍സി ഇടപാടുകള്‍ക്ക് രണ്ടുശതമാനം ആദായ നികുതി ഏര്‍പ്പെടുത്തുന്നത് പ്രാഥമിക സഹകരണ സംഘങ്ങളെ തകര്‍ക്കാനേ ഉപകരിക്കൂ. അതിനാല്‍, സഹകരണ സംഘങ്ങള്‍ക്ക് ആദായ നികുതി ഏര്‍പ്പെടുത്തിയ നടപടി പിന്‍വലിക്കണമെന്നു കടകംപള്ളി സുരേന്ദ്രന്‍ നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. മലപ്പുറം ജില്ലയില്‍ നിന്ന് എതിര്‍പ്പുണ്ടെങ്കിലും കേരളാ ബാങ്ക് രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട നടപടികളുമായി മുന്നോട്ടു പോകുമെന്നും മന്ത്രി പത്രസമ്മേളനത്തില്‍ അറിയിച്ചു. 13 ജില്ലാ സഹകരണ ബാങ്കുകള്‍ കേരളാ ബാങ്കില്‍ ലയിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇതംഗീകരിച്ചാണ് കേരളാ ബാങ്കിനു റിസര്‍വ് ബാങ്ക് അനുമതി നല്‍കിയിരിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍