ബാഗ്ദാദി: വിവരം കിട്ടിയത് ഉപദേഷ്ടാവില്‍ നിന്ന്

വാഷിംഗ്ടണ്‍ ഡിസി: അല്‍ബാഗ്ദാദിയുടെ മുന്‍ ഉപദേഷ്ടാവില്‍നിന്നാണ് സിറിയയിലെ താവളത്തെക്കുറിച്ച് സിഐഎയ്ക്കു വിവരം കിട്ടിയതെന്നു റിപ്പോര്‍ട്ട്. ഏതാനും മാസംമുമ്പ് ഇസ്മയില്‍ അല്‍ എതാവി എന്ന ഉപദേഷ്ടാവും ബാഗ്ദാദിയുടെ ഭാര്യമാരിലൊരാളും ഉള്‍പ്പെടെയുള്ളവര്‍ ഇറാക്കില്‍ അറസ്റ്റിലായിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍നിന്നാണ് ബാഗ്ദാദിയുടെ താവളങ്ങളെക്കുറിച്ചുള്ള സൂചന കിട്ടിയത്.ബാഗ്ദാദി പല സ്ഥലങ്ങളില്‍ മാറിമാറിത്താമസിക്കുകയായിരുന്നു. ഇറാക്കി ഇന്റലിജന്‍സ് സിഐഎയ്ക്കു വിവരം കൈമാറി. സിറിയന്‍ കുര്‍ദുകളും ഇറാക്കിലെ കുര്‍ദുകളും ബാഗ്ദാദിയുടെ ഒളിവിടങ്ങളെക്കുറിച്ചും യാത്രകളെക്കുറിച്ചും വിലപ്പെട്ട വിവരങ്ങള്‍ നല്‍കിയെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഹുറാസ് അല്‍ ദിന്‍ എന്ന തീവ്രവാദി ഗ്രൂപ്പിന്റെ കമാന്‍ഡര്‍ അബു മുഹമ്മദ് സലാമയുടെ ഭവനത്തില്‍ ബാഗ്ദാദി അഭയം തേടിയെന്ന് ഒരു സിറിയന്‍ എന്‍ജിനിയര്‍ പറഞ്ഞു.സിറിയയിലെ ബാരിഷയില്‍ അല്‍ബാഗ്ദാദിയുണ്ടെന്നു യുഎസ് ഇന്റലിജന്‍സ് ഉറപ്പാക്കി. ഇവിടെനിന്നും അയാള്‍ വീണ്ടും സ്ഥലം മാറിയേക്കാമെന്ന സൂചന കിട്ടിയതിനെത്തുടര്‍ന്നാണ് ശനിയാഴ്ച തന്നെ പ്രദേശത്തു റെയ്ഡ് നടത്താന്‍ തീരുമാനിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍