ഫിറ്റ്‌നസ് ചലഞ്ചിന് ഒരുങ്ങി ദുബൈ നഗരം

ദുബൈ:ഫിറ്റ്‌നസ് ചലഞ്ചിന് ഒരുങ്ങി ദുബൈ നഗരം. വെള്ളിയാഴ്ച മുതല്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന ചലഞ്ചില്‍ ആയിരങ്ങള്‍ പങ്കെടുക്കും. നിരവധി അനുബന്ധ പരിപാടികളും ചലഞ്ചിന്റെ ഭാഗമായി അരങ്ങേറും.ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആവിഷ്‌കരിച്ച ദുബൈ ചലഞ്ചന്റെ പുതീയ സീസണ്‍ താല്‍പര്യപൂര്‍വമാണ് എല്ലാവരും ഉറ്റുനോക്കുന്നത്. മലയാളികള്‍ ഉള്‍പ്പെടെ പ്രവാസികളിലും വ്യായാമശീലങ്ങള്‍ വളര്‍ത്തുന്നതില്‍ ചലഞ്ച് വലിയ പങ്കാണ് വഹിക്കുന്നത്. വ്യായാമം ശീലമാക്കി ആരോഗ്യം വീണ്ടെടുക്കാനുള്ള യത്‌നത്തില്‍ വിദ്യാര്‍ഥികള്‍ മുതല്‍ പ്രായമുള്ളവര്‍ വരെ അണി ചേരണമെന്ന് ദുബൈ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ചെയര്‍മാന്‍ കൂടിയായ ശൈഖ് ഹംദാന്‍ നിര്‍ദേശിച്ചു. ചലഞ്ചിന്റെ മൂന്നാമത് സീസണ്‍ ആണിത്. 5,000ല്‍ ഏറെ ക്ലാസുകളും 40ല്‍ ഏറെ മറ്റു പരിപാടികളും ചാലഞ്ചിന്റെ ഭാഗമായി ഒരുക്കും. ദുബൈ ഫെസ്റ്റിവല്‍ സിറ്റി മാളില്‍ പ്രത്യേക ഫിറ്റ്‌നസ് വില്ലേജുകള്‍ സ്ഥാപിക്കും. വിവിധയിടങ്ങളിലെ താമസക്കാരുടെ സൗകര്യാര്‍ഥം ഫിറ്റ്‌നസ് ഹബ്ബുകള്‍ക്കു രൂപം നല്‍കും.ലളിത വ്യായാമങ്ങളിലൂടെയും ആരോഗ്യകരമായ ഭക്ഷണ രീതികളിലൂടെയും മെച്ചപ്പെട്ട ആരോഗ്യം ഉറപ്പാക്കാന്‍ ചലഞ്ച് ആഹ്വാനം ചെയ്യുന്നു. ഒരു മാസം കൊണ്ട് ദുബൈ ഫിറ്റ്‌നസ് ചലഞ്ച് അവസാനിക്കുമെങ്കിലും സൗജന്യ പരിശീലന പരിപാടികള്‍ തുടരാനാണ് തീരുമാനം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍