കളിക്കാത്ത പകരക്കാരനു മഞ്ഞക്കാര്‍ഡ്, പിന്നെ പെനല്‍റ്റിയും

മ്യൂണിക്: ഫുട്‌ബോളില്‍ കാര്‍ഡുകള്‍ പുറത്തെടുക്കുന്നതും പെനല്‍റ്റി വിധിക്കുന്നതുമെല്ലാം സാധാരാണ കാര്യങ്ങളാണ്. എന്നാല്‍, ജര്‍മന്‍ രണ്ടാം ഡിവിഷന്‍ ലീഗില്‍ കഴിഞ്ഞ ദിവസം കണ്ട കാഴ്ചയില്‍ ഏവരും ആശ്ചര്യപ്പെട്ടു. കാരണം കളിക്കിടെ കാര്‍ഡ് കിട്ടിയത് കളിക്കളത്തിലുള്ളയാള്‍ക്കല്ല. കളിക്കാന്‍ ഒരുങ്ങി കളത്തിന് പുറത്ത് കാത്തുനില്‍ക്കുന്നയാള്‍ക്കാണ്. ഇതുവഴി എതിര്‍ടീമിന് ഒരു പെനാല്‍റ്റിയും സമ്മാനിച്ചു റഫറി.
ഹോള്‍സ്‌റ്റെയ്ന്‍ കീലും വിഎഫ്എല്‍ ബോഷമും തമ്മില്‍ നടന്ന മത്സരത്തിലായിരുന്നു സംഭവം. ഹോം മത്സരത്തില്‍ ഹോള്‍സ്‌റ്റെയ്ന്‍ ഏകപക്ഷീയമായ ഒരു ഗോളിന് മുന്നിട്ടുനില്‍ക്കുകയായിരുന്നു. ഈ സമയത്ത് ബോഷം സ്‌ട്രൈക്കര്‍ സില്‍വെരെ എംബൗസിക്ക് ബോക്‌സിനുള്ളില്‍വച്ച് സമനില നേടാന്‍ ഒരു സുവര്‍ണാവസരം ലഭിച്ചു. ഗോളി മാത്രം മുന്നില്‍. എന്നാല്‍, ഇടതുഭാഗത്ത് നിന്ന് സില്‍വെരെ തൊടുത്ത വലങ്കാന്‍ ഷോട്ട് പോസ്റ്റിനോട് ചേര്‍ന്ന് നേരെ പുറത്തേക്കായിരുന്നു. ഒന്നാന്തരമൊരു അവസരം തുലച്ചുകളഞ്ഞതിന് ഏവരും തകര്‍ന്നിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായ സംഭവം നടന്നത്.
ഹോള്‍സ്‌റ്റെയ്ന്‍ ഗോളി ഗോള്‍കിക്കെടുക്കുന്നത് റഫറി തടഞ്ഞുവച്ചു. കാരണം എന്താണെന്ന് ആര്‍ക്കും മനസിലായില്ല. എന്നാല്‍ വീഡിയോ റഫറിയുടെ നിര്‍ദേശമാണ് റഫറി കളത്തില്‍ നടപ്പാക്കിയത്. പിന്നീടാണ് നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്. വീഡിയോ റഫറിയുടെ നിര്‍ദേശാനുസരണം ഫീല്‍ഡ് റഫറി ടിമോ ഗെറാച്ച് ഓടി സൈഡ് ലൈനിലെത്തി കളത്തിലിറങ്ങാന്‍ വാംഅപ്പ് ചെയ്യുകയായിരുന്ന മൈക്കിള്‍ എബര്‍വെയ്‌നെ മഞ്ഞക്കാര്‍ഡ് കാണിച്ചു. സില്‍വെരെയുടെ ഷോട്ട് പുറത്തേയ്ക്ക് പോകുമ്പോള്‍ ഗോള്‍ലൈനിന്റെ അടുത്തുനിന്ന് വാംഅപ്പ് ചെയ്യുകയായിരുന്ന എബെര്‍വെയ്ന്‍ കാലുകൊണ്ട് തടഞ്ഞതാണ് കാരണം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍