കശ്മീരിലെ നിയന്ത്രണങ്ങള്‍ എന്നുവരെയെന്നു സുപ്രീംകോടതി

ന്യൂഡല്‍ഹി: ജമ്മു കശ്മീരിന്റെ പ്രത്യേക അധികാരം റദ്ദാക്കിയതിനെത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ എന്നുവരെ തുടരുമെന്ന് വ്യക്തമാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോടു സുപ്രീം കോടതി. ഓഗസ്റ്റ് അഞ്ചിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ 70 ദിവസം കഴിഞ്ഞിട്ടും തുടരുന്നതു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റീസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ച് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോടു വാക്കാല്‍ നിര്‍ദേശിച്ചത്. നിയന്ത്രണങ്ങള്‍ എത്രകാലം വേണ്ടിവരുമെന്നാണ് നിങ്ങള്‍ പറയുന്നത് ഇപ്പോള്‍ തന്നെ രണ്ട് മാസത്തിലേറെയായി. ഇതു സംബന്ധിച്ച് നിങ്ങള്‍ വ്യക്തത വരുത്തുകയും മറ്റ് വഴികള്‍ കണ്ടെത്തുകയും വേണം. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതോടൊപ്പം അവ അവലോകനം ചെയ്യണമെന്നും ജസ്റ്റീസുമാരായ എന്‍.വി. രമണ, ആര്‍. സുഭാഷ് റെഡ്ഡി, ബി.ആര്‍. ഗവായ് എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. അതേസമയം, ഏര്‍പ്പെടുത്തിയവയില്‍ 99 ശതമാനം നിയന്ത്രണങ്ങളും പിന്‍വലിച്ചതായി തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു.എന്നാല്‍, സര്‍ക്കാരിന്റെ ഈ വാദത്തെ ഹര്‍ജിക്കാരുടെ അഭിഭാഷക വൃന്ദ ഗ്രോവര്‍ എതിര്‍ത്തു. ചില മേഖലകളിലെ ടെലഫോണ്‍ ബന്ധവും മൊബൈല്‍ സേവനങ്ങളും പുനഃസ്ഥാപിച്ചത് ഒഴിച്ചാല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ കശ്മീരിന്റെ മിക്ക ഭാഗങ്ങളിലും റദ്ദാക്കിയ നിലയില്‍ തന്നെയാണെന്നു അവര്‍ ചൂണ്ടിക്കാട്ടി. ഇതിനു കശ്മീര്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കുന്നതിനാല്‍ ഇന്റര്‍നെറ്റ് പൂര്‍ണമായി പുനഃസ്ഥാപിക്കാനാവില്ലെന്നായിരുന്നു സോളിസിറ്റര്‍ ജനറലിന്റെ മറുപടി. കേസ് വീണ്ടും നവംബര്‍ അഞ്ചിനു പരിഗണിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍