മിസൈല്‍ പരീക്ഷണം സ്ഥിരീകരിച്ച് ഉത്തരകൊറിയ

സീയൂള്‍: മുങ്ങിക്കപ്പലില്‍നിന്നു തൊടുക്കാവുന്ന ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തിയെന്ന് സ്ഥിരീകരിച്ച് ഉത്തരകൊറിയ. മിസൈല്‍ പരീക്ഷണം വിജയകരമായിരുന്നു. സൈനിക ശക്തി വര്‍ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളില്‍ സുപ്രധാന നേട്ടമാണിതെന്നും ഉത്തരകൊറിയ പ്രതികരിച്ചു. മുങ്ങിക്കപ്പലില്‍നിന്നു തൊടുക്കാവുന്ന ബാലിസ്റ്റിക് മിസൈലിന്റെ പരീക്ഷണം ഇന്നലെയാണ് ഉത്തരകൊറിയ നടത്തിയത്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ആദ്യമായായിരുന്നു അന്തര്‍വാഹിനി മിസൈല്‍ പരീക്ഷണം നടത്തിയത്. 910 കിലോമീറ്റര്‍ ഉയരത്തിലെത്തിയ മിസൈല്‍ 450 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചതായിട്ടാണു ദക്ഷിണകൊറിയന്‍ സൈനികവൃത്തങ്ങള്‍ അറിയിച്ചത്. ആണവനിര്‍വ്യാപനം സംബന്ധിച്ച് യുഎസുമായി ചര്‍ച്ച പുനരാരംഭിക്കുമെന്ന് ഉത്തരകൊറിയ അറിയിച്ചതിന് തൊട്ടടുത്ത ദിവസമായിരുന്നു മിസൈല്‍ പരീക്ഷണം. ശനിയാഴ്ച പ്രാഥമിക ചര്‍ച്ചകള്‍ നടക്കുമെന്നാണു പറഞ്ഞത്. ഇതിനു പിറ്റേന്ന് മിസൈല്‍ പരീക്ഷണം നടത്തിയതിന്റെ കാരണം വ്യക്തമല്ല. ചര്‍ച്ചയില്‍ മേധാവിത്വം നേടിയെടുക്കാനാണിതെന്ന് ഒരു വിഭാഗം അഭിപ്രായപ്പെടുന്നുണ്ട്. ഫെബ്രുവരിയില്‍ നടന്ന കിംട്രംപ് രണ്ടാം ഉച്ചകോടി പൊളിഞ്ഞതിനു പിന്നാലെ ഉത്തരകൊറിയ ചില മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ അവയെല്ലാം ഹ്രസ്വദൂര മിസൈലുകളായിരുന്നു. ബുധനാഴ്ച പരീക്ഷിച്ച മിസൈലിന്റെ ദൂരപരിധി കൂടുതലാണ്. മാത്രമല്ല, മുങ്ങിക്കപ്പലുകളില്‍നിന്ന് തൊടുക്കാവുന്ന ആധുനിക സാങ്കേതികവിദ്യയും ഒപ്പം പരീക്ഷിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍