ഗള്‍ഫ് മേഖലയില്‍ ചുവടുറപ്പിക്കാന്‍ ഇന്ത്യന്‍ വിമാനക്കമ്പനികള്‍

സൗദി:ഗള്‍ഫ് മേഖലയില്‍ കൂടുതല്‍ ചുവടുറപ്പിക്കാന്‍ ഇന്ത്യന്‍ വിമാന കമ്പനികള്‍ പദ്ധതി ആവിഷ്‌കരിക്കുന്നു. വിമാന സര്‍വീസ് ആരംഭിക്കുന്നത് സംബന്ധിച്ച് സ്‌പൈസ് ജെറ്റ് റാസല്‍ഖൈമ വിമാനത്താവള അധികൃതരുമായാണ് കഴിഞ്ഞ ദിവസം കരാറില്‍ ഒപ്പുവെച്ചത്. ഗള്‍ഫ് നഗരങ്ങള്‍ കേന്ദ്രീകരിച്ച് ലോകത്തിന്റെ പല ഭാഗങ്ങളിലേക്കും സര്‍വീസ് നടത്താനാണ് സ്‌പൈസ് ജെറ്റ് ലക്ഷ്യമിടുന്നത്.ജെറ്റ് എയര്‍വേസിന്റെ തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ബദല്‍ വരുമാന സാധ്യതകള്‍ കണ്ടെത്തുക. ഈ ലക്ഷ്യം കൂടി മുന്‍നിര്‍ത്തിയാണ് സ്‌പൈസ് ജെറ്റ് ഗള്‍ഫിലേക്ക് ചിറകു വിടര്‍ത്തുന്നത്. ദല്‍ഹിക്കും റാസല്‍ഖൈമക്കുമിടയില്‍ ബജറ്റ് എയര്‍ലൈന്‍ സര്‍വീസ് മാത്രമല്ല അവര്‍ ലക്ഷ്യം വെക്കുന്നത്. സ്‌പൈസ് മാക്‌സ് എന്ന അല്‍പം കൂടി ഉയര്‍ന്ന നിരക്കും സൗകര്യങ്ങളുമുള്ള ഫ്‌ളൈറ്റുകളും സര്‍വീസിന് ഉപയോഗിക്കും. റാസല്‍ഖൈമയെ ഒരു ഹബ്ബായി വികസിപ്പിക്കാനാണു ലക്ഷ്യം. രാജ്യാന്തര തലത്തില്‍ സ്‌പൈസ് ജെറ്റ് സര്‍വീസ് നടത്തുന്ന 11ാമത് ഇടമാണ് റാസല്‍ഖൈമ.3400 ഇന്ത്യന്‍ കമ്പനികള്‍ റാസല്‍ഖൈമയില്‍ ഉണ്ട്. യു.എ.ഇയിലെ പ്രധാന നഗരങ്ങള്‍ക്കപ്പുറത്തെ സാധ്യതകള്‍ കൂടി പ്രയോജനപ്പെടുത്തുകയാണ് സ്‌പൈസ് ജെറ്റ്. ഇന്ത്യയിലെ മറ്റു വിമാന കമ്പനികളും യു.എ.ഇയെ ലക്ഷ്യമിട്ട് വികസനം ഉറപ്പാക്കാനുള്ള യത്‌നത്തിലാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍