ഗള്‍ഫ് രാജ്യങ്ങളുടെ ആഭ്യന്തര ഉല്‍പാദനത്തില്‍ അടുത്ത വര്‍ഷം മികച്ച കുതിപ്പിന് സാധ്യതയെന്ന് അന്താരാഷ്ട്ര മോണിറ്ററി ഫണ്ട്

യു.എ.ഇ:യു.എ.ഇ ഉള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങളുടെ മൊത്തം ആഭ്യന്തര ഉല്‍പാദനത്തില്‍ അടുത്ത വര്‍ഷം മികച്ച കുതിപ്പിന് സാധ്യതയെന്ന് അന്താരാഷ്ട്ര മോണിറ്ററി ഫണ്ടിന്റെ വിലയിരുത്തല്‍. എണ്ണയിതര മേഖലയില്‍ യു.എ.ഇക്ക് രണ്ടര ശതമാനത്തിന്റെ വളര്‍ച്ച ഉണ്ടാകും. അതേ സമയം ഇറാന്‍ സമ്പദ് ഘടന വന്‍തകര്‍ച്ചയെ നേരിടുമെന്നും ഐ.എം.എഫ് പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.എണ്ണയിയര മേഖലയിലാണ് യു.എ.ഇ ഉള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങള്‍ മികവ് പ്രകടിപ്പിക്കുക. പിന്നിട്ട വര്‍ഷം യു.എ.ഇയുടെ മൊത്തം ആഭ്യന്തര ഉല്‍പാദനത്തില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. നടപ്പു വര്‍ഷം 405.8 ബില്യന്‍ ഡോളറാണ് മൊത്തം ആഭ്യന്തര ഉല്‍പാദന നിരക്കായി ഐ.എം.എഫ് കണ്ടത്. എന്നാല്‍ അടുത്ത വര്‍ഷം ഇത് 414 ബില്യണ്‍ ഡോളറായി ഉയരുമെന്ന് ഐ.എം.എഫ് പശ്ചിമേഷ്യന്‍ ഡയരക്ടര്‍ ജിഹാദ് അസൂര്‍ പറഞ്ഞു. എണ്ണയിതര മേഖലയുടെ മുന്നേറ്റമാണ് യു.എ.ഇക്ക് തുണയാവുക. പോയവര്‍ഷം 1.3 ശതമാനവും നടപ്പുവര്‍ഷം 1.6 ശതമാനവും ആയിരുന്നു വളര്‍ച്ചു. അടുത്ത വര്‍ഷം എണ്ണിയതര മേഖലയില്‍ മൂന്നു ശതമാനം വളര്‍ച്ചയാണ് യു.എ.ഇക്കുണ്ടാവുകയെന്ന് ഐ.എം.എഫ് വ്യക്തമാക്കുന്നു. എണ്ണ മേഖലയില്‍ അടുത്ത വര്‍ഷവും ഇടിവ് തുടരും. പോയ വര്‍ഷം 2.8 ശതമാനവും നടപ്പുവര്‍ഷം ഒന്നര ശതമാനവും ആയിരുന്നു തിരിച്ചടി. 2020ല്‍ 1.4 ശതമാനം ഇടിവാണ് ഐ.എം.എഫ് വിലയിരുത്തല്‍. നികുതി, നികുതിയതര മേഖലകളില്‍ കൂടുതല്‍ പരിഷ്‌കരണം നടപ്പാക്കണമെന്ന് യു.എ.ഇ ഉള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങളോട് ഐ.എം.എഫ് ആവശ്യപ്പെട്ടു.അതേ സമയം യു.എ.ഇയുടെ പ്രതിദിന എണ്ണ ഉല്‍പാദനത്തില്‍ അടുത്ത വര്‍ഷം ഗണ്യമായ വര്‍ധനക്ക് സാധ്യതയുണ്ട്. ഗള്‍ഫ് രാജ്യങ്ങളുടെ മൊത്തം ആഭ്യന്തര ഉല്‍പാദനത്തില്‍ അടുത്ത വര്‍ഷം രണ്ടു ശതമാനത്തിന്റെ വളര്‍ച്ചയാണ് ഐ.എം.എഫ് പ്രവചിക്കുന്നത്. എന്നാല്‍ യു.എസ് ഉപരോധവും മറ്റും കാരണം ഇറാന്‍ സമ്പദ് ഘടന ഗുരുതരാവസ്ഥയിലാണെന്ന് ഐ.എം.എഫ് റിപ്പോര്‍ട്ട് വിലയിരുത്തുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍