വിമാന എന്‍ജിന്‍ കമ്പനി ഇന്ത്യയില്‍ നിക്ഷേപത്തിനു തയാര്‍; ഭീമമായ നികുതി ഒഴിവാക്കണം

പാരീസ്: റഫാല്‍ യുദ്ധവിമാനത്തിന്റെ എന്‍ജിന്‍ നിര്‍മിച്ചുനല്കുന്ന ഫ്രഞ്ച് കമ്പനി സാഫ്രാന്‍ ഇന്ത്യയില്‍ 15 കോടി ഡോളറിന്റെ നിക്ഷേപത്തിനു പദ്ധതിയിടുന്നു. ഫ്രാന്‍സ് സന്ദര്‍ശിക്കുന്ന പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് കമ്പനിയുടെ വില്ലാറോഷിലുള്ള പ്ലാന്റ് സന്ദര്‍ശിക്കവേയാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, ഇന്ത്യയിലെ നികുതിഘടന ഭയാനകമാണെന്ന് കമ്പനി മുന്നറിയിപ്പു നല്കി. കസ്റ്റംസ്, നികുതി ചട്ടങ്ങളിലുടെ ഭീതിവിതയ്ക്കുന്നത് അവസാനിപ്പിച്ച് ആകര്‍ഷകമായ ബിസിനസ് സാഹചര്യം ഒരുക്കാന്‍ ഇന്ത്യ തയാറാകണമെന്ന് കമ്പനിയുടെ സിഇഒ ഒലിവര്‍ ആന്‍ഡ്രിസ് ആവശ്യപ്പെട്ടു. റഫാല്‍ വിമാനത്തില്‍ ഉപയോഗിക്കുന്ന എം88 എന്‍ജിന്‍ നിര്‍മിക്കുന്ന ഈ കമ്പനി ഹിന്ദുസ്ഥാന്‍ ഏയ്‌റോനോട്ടിക്കല്‍ ലിമിറ്റഡുമായി മുന്പും സഹകരിച്ചിട്ടുണ്ട്.വ്യോമഗതാഗതത്തില്‍ ഇന്ത്യയുടെ പ്രാധാന്യം വര്‍ധിക്കുന്ന സാഹചര്യത്തില്‍ അറ്റകുറ്റപ്പണിക്കും പരിശീലനത്തിനുമായി മുതല്‍മുടക്കാനാണ് സാഫ്രാന്‍ താത്പര്യപ്പെടുന്നത്. വാണിജ്യ വ്യോമഗതാഗതത്തില്‍ ഇന്ത്യ വൈകാതെ മൂന്നാം സ്ഥാനത്തെത്തും. അറ്റകുറ്റപ്പണിക്കുള്ള സംവിധാനം ഒരുക്കാന്‍ കന്പനി താത്പര്യപ്പെടുന്നു. പക്ഷേ, നികുതിയില്‍ ഇളവ് വേണമെന്ന് ആന്‍ഡ്രിസ് പറഞ്ഞു.നിക്ഷേപകര്‍ക്കു വേണ്ട സാഹചര്യം ഒരുക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു. ഫെബ്രുവരിയില്‍ ലക്‌നോവില്‍ നടക്കുന്ന ഡിഫന്‍സ്എക്‌സ്‌പോയില്‍ പങ്കെടുക്കാനുള്ള രാജ്‌നാഥ് സിംഗിന്റെ ക്ഷണം കമ്പനി സ്വീകരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍