ഇന്ത്യയില്‍ സൗദി അറേബ്യ 7 ലക്ഷംകോടി നിക്ഷേപിക്കും

ന്യൂഡല്‍ഹി: എണ്ണ ഇതര മേഖലകളില്‍ നിന്ന് വരുമാനം കണ്ടെത്താനുള്ള സൗദി കിരീടാവകാശി മൊഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ 'സൗദി വിഷന്‍ 2030' പദ്ധതിയുടെ ഭാഗമായി സൗദി അറേബ്യ ഇന്ത്യയില്‍ 10,000 കോടി ഡോളറിന്റെ (7.05 ലക്ഷം കോടി രൂപ) നിക്ഷേപം നടത്തും. ഊര്‍ജം, റിഫൈനിംഗ്, പെട്രോകെമിക്കല്‍, അടിസ്ഥാനസൗകര്യ വികസനം, കാര്‍ഷികം, ഖനനം, ധാതുമേഖല എന്നിവിടങ്ങളിലാണ് നിക്ഷേപമെത്തുക. ഇന്ത്യയുമായി ദീര്‍ഘകാല സൗഹൃദം സ്ഥാപിക്കുകയാണ് സൗദി അറേബ്യ ലക്ഷ്യമിടുന്നതെന്ന് സൗദി അംബാസഡര്‍ ഡോ. സൗദ് ബിന്‍ മൊഹമ്മദ് അല്‍ സാതി പറഞ്ഞു. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ പെട്രോളിയം പെട്രോകെമിക്കല്‍ വിഭാഗത്തിന്റെ 20 ശതമാനം ഓഹരികള്‍ 1,500 കോടി ഡോളറിന് (ഒരുലക്ഷം കോടി രൂപ) വാങ്ങാനുള്ള സൗദിയിലെ ഏറ്റവും വലിയ എണ്ണക്കമ്ബനിയായ സൗദി ആരാംകോയുടെ നീക്കം, ഊര്‍ജ മേഖലയില്‍ ഇരു രാജ്യങ്ങളും തമ്മിലെ ബന്ധം ശക്തമാക്കിയിട്ടുണ്ട്. ആരാംകോയുടെ ആഗോള നിക്ഷേപ പദ്ധതികളില്‍ മുഖ്യ പ്രാധാന്യം ഇന്ത്യയ്ക്കുണ്ട്. മഹാരാഷ്ട്രയിലെ വെസ്റ്റ് കോസ്റ്റ് റിഫൈനറി ആന്‍ഡ് പെട്രോകെമിക്കല്‍ പദ്ധതിയില്‍ 4,400 കോടി ഡോളറിന്റെ നിക്ഷേപവും ആരാംകോ പ്രഖ്യാപിച്ചിട്ടുണ്ട്. സംയുക്ത പങ്കാളിത്തതിനും നിക്ഷേപത്തിനുമായി സൗദിയും ഇന്ത്യയും 40 മേഖലകളെ കണ്ടെത്തിയിട്ടുണ്ട്. നിലവില്‍ 3,400 കോടി രൂപയുടെ വ്യാപാരമാണ് ഇരു രാജ്യങ്ങളും തമ്മില്‍ നടക്കുന്നതെന്നും അംബാസഡര്‍ പറഞ്ഞു. ഇന്ത്യയ്ക്കാവശ്യമുള്ള ക്രൂഡോയിലിന്റെ 17 ശതമാനവും എല്‍.പി.ജിയുടെ 32 ശതമാനവും നല്‍കുന്നത് സൗദിയാണ്. ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി കുറച്ചാലും ഇന്ത്യയ്ക്ക് തിരിച്ചടിയാകില്ലെന്നും ആനുപാതികമായ എണ്ണ സൗദി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ബിസിനസ് സൗഹൃദ രാജ്യങ്ങളുടെ പട്ടികയില്‍ ഈവര്‍ഷം ഏറ്റവും മികച്ച മുന്നേറ്റം നടത്തിയ 20 രാജ്യങ്ങളിലൊന്ന് ഇന്ത്യയാണെന്ന് ലോകബാങ്കിന്റെ റിപ്പോര്‍ട്ട്. വ്യവസായ ആരംഭം, പാപ്പര്‍ പ്രശ്‌നപരിഹാരം, അതിര്‍ത്തി കടന്നുള്ള വ്യാപാരം, നിര്‍മ്മാണ അനുമതി എന്നീ മേഖലകളിലാണ് ഇന്ത്യ മികവ് കാട്ടിയത്. പുതുക്കിയ റാങ്ക് പട്ടിക ഒക്‌ടോബര്‍ 24ന് ലോകബാങ്ക് പുറത്തിറക്കും. 2017ലെ 100ാം റാങ്കില്‍ നിന്ന് 2018ല്‍ ഇന്ത്യ 77ാം റാങ്കിലേക്ക് കുതിച്ചെത്തിയിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്‌കാരങ്ങളാണ് തുണയായത്. ഇന്ത്യയെ ആദ്യ 50ല്‍ എത്തിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍