വ്യവസായ സൗഹൃദ പട്ടികയില്‍ ഇന്ത്യ കുതിക്കുന്നു; 63ാം റാങ്കില്‍

വാഷിംഗ്ടണ്‍: വ്യവസായ സൗഹൃദ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യക്ക് വന്‍ കുതിപ്പ്. ലോക ബാങ്കിന്റെ പട്ടികയില്‍ കഴിഞ്ഞ വര്‍ഷം 77ാം റാങ്കിലായിരുന്ന ഇന്ത്യ ഇക്കുറി 63ലേക്ക് ഉയര്‍ന്നു. ഒറ്റവര്‍ഷം കൊണ്ട് 14 സ്ഥാനമാണ് ഇന്ത്യ കയറിയത്. ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്താണ് ഇന്ത്യ.സംരംഭം തുടങ്ങുന്നതും നടത്തുന്നതും സംബന്ധിച്ച 10 മാനദണ്ഡങ്ങളില്‍ ആറിലും ഇന്ത്യ പുരോഗതി നേടി. സംരംഭകത്തുടക്കം, നിര്‍മാണ അനുമതി, വൈദ്യുതി ലഭ്യത. വായ്പാ ലഭ്യത, അതിര്‍ത്തി കടന്നുള്ള വ്യാപാരം, കരാര്‍ വ്യവസ്ഥകള്‍ തുടങ്ങിയ കാര്യങ്ങളിലാണു നേട്ടം രേഖപ്പെടുത്തിയിരിക്കുന്നത്. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയും വിദേശനിക്ഷേപം ആകര്‍ഷിക്കാന്‍ സ്വീകരിച്ച നടപടികളുമാണ് തുണയായതെന്നു ലോകബാങ്ക് റിപ്പോര്‍ട്ടില്‍ പറയുന്നു.2014ല്‍ ഇന്ത്യ 142ാം സ്ഥാനത്തായിരുന്നു. അടുത്ത വര്‍ഷങ്ങളില്‍ 131, 100 എന്നിങ്ങനെ മികവു നേടി. 2018ല്‍ 23 സ്ഥാനങ്ങള്‍ ഉയര്‍ന്ന് 77ാം റാങ്കിലെത്തി. 190 രാജ്യങ്ങളുടെ പട്ടികയില്‍ ന്യൂസിലാന്‍ഡാണ് ഒന്നാമത്. സിംഗപ്പുര്‍, ഹോങ്കോംഗ് എന്നീ രാജ്യങ്ങളാണു രണ്ടും മൂന്നും സ്ഥാനങ്ങളില്‍. അമേരിക്ക ആറാമതും യുകെ എട്ടാമതുമാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍