ഒമാനിലെ ഇന്ത്യക്കാരുടെ എണ്ണത്തില്‍ വന്‍ കുറവ്; ഒരു വര്‍ഷത്തിനിടെ 5.6 ശതമാനം കുറവ്

മസ്‌ക്കറ്റ്:ഒമാനിലെ ഇന്ത്യക്കാരുടെ എണ്ണം കുറഞ്ഞു. ഒരു വര്‍ഷത്തിനിടെ 5.6 ശതമാനത്തിന്റെ കുറവാണ് ഇന്ത്യക്കാരുടെ എണ്ണത്തിലുണ്ടായതെന്ന് ദേശീയ സ്ഥിതി വിവര കേന്ദ്രത്തിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പറയുന്നു.
കഴിഞ്ഞ സെപ്റ്റംബര്‍ വരെയുള്ള കണക്കുപ്രകാരം 6.28 ലക്ഷം ഇന്ത്യക്കാരാണ് ഒമാനിലുള്ളത്. 2018 സെപ്റ്റംബറില്‍ 6.60 ലക്ഷം പേര്‍ ഉണ്ടായിരുന്ന സ്ഥാനത്താണിത്. ഒമാനിലെ മൊത്തം വിദേശ തൊഴിലാളികളുടെ എണ്ണം ഒരു വര്‍ഷ കാലയളവിനുള്ളില്‍ 3.8 ശതമാനം കുറഞ്ഞ് 17.35 ലക്ഷമായിട്ടുണ്ട്.സ്വകാര്യ മേഖലയിലെ സ്വദേശി തൊഴിലാളികളുടെ എണ്ണത്തിലും വര്‍ധനവുണ്ട്. 29,862 സ്വദേശികള്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ മാനേജീരിയല്‍ തസ്തികകളിലാണ് തൊഴിലെടുക്കുന്നത്. അക്കൗണ്ടിങ്, ഫൈനാന്‍സിങ്, എഞ്ചിനീയറിങ് തുടങ്ങി 87 തസ്തികകളില്‍ ഏര്‍പ്പെടുത്തിയ താല്‍ക്കാലിക വിസാ നിരോധനമാണ് ഈ മേഖലകളിലെ സ്വദേശികളുടെ എണ്ണം ഉയരാന്‍ കാരണം.വിദേശികളുടെ എണ്ണത്തിലെ കുറവ് ഏറ്റവുമധികം ഉണ്ടായത് മസ്‌കത്തിലാണ്. വിദേശികളുടെ എണ്ണം ഇവിടെ 6.1 ശതമാനം കുറഞ്ഞ് 7.77 ലക്ഷമായി. വടക്കന്‍ ബാത്തിനയും ദോഫാറുമാണ് വിദേശി ജനസംഖ്യയില്‍ തൊട്ടുപിന്നിലുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍