സര്‍ക്കാര്‍ ആശുപത്രിക്ക് താങ്ങായി രാഹുല്‍ ഗാന്ധി; കെട്ടിട നിര്‍മാണത്തിന് 40 ലക്ഷം

മുക്കം: അമിത ലാബ് ചാര്‍ജ് ഈടാക്കിയും അഡ്മിറ്റ് ചെയ്യുന്ന രോഗികളുടെ എണ്ണം കുറച്ചും അധികൃതര്‍ നിരന്തരമായി അവഗണിക്കുന്ന മുക്കം സിഎച്ച്‌സിക്ക് താങ്ങായി വയനാട് എംപി രാഹുല്‍ ഗാന്ധി. രാഹുല്‍ ഗാന്ധിയുടെ ഫണ്ടില്‍ നിന്ന് തിരുവമ്പാടി നിയോജകമണ്ഡലത്തിലേക്കുള്ള ആദ്യ വിഹിതം ചികിത്സ തേടുന്ന മുക്കം ഗവ. ആശുപത്രിയുടെപുനരുജ്ജീവനത്തിന് നല്‍കാന്‍ തീരുമാനമായി . എംപി ഫണ്ടില്‍ നിന്നുള്ള നാല്‍പത് ലക്ഷം രൂപ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന് പുതിയ കെട്ടിടം നിര്‍മിക്കാനാണ് അനുവദിച്ചിരിക്കുന്നത്. നിയോജക മണ്ഡലം യൂഡിഫ് യോഗം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചത്. ജനസാന്ദ്രതയും മലയോര മേഖലയുടെ പ്രത്യേക പരിഗണയും പരിഗണിച്ചു സി എച്ച്‌സി താലൂക്ക് ആശുപത്രി ആക്കാന്‍ വേണ്ട നടപടി ഉണ്ടാവണം എന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു. മുക്കം കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിനെ നിരന്തരമായി അവഗണിക്കുന്ന വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ലാബ് ടെസ്റ്റുകള്‍ക്ക് സ്വകാര്യ ലാബുകളിലേതിനേക്കാള്‍ ചാര്‍ജ് ഈടാക്കാന്‍ തീരുമാനമെടുത്തത് ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി തന്നെയായിരുന്നു. നഗരസഭ ചെയര്‍മാന്‍ വി. കുഞ്ഞന്‍ ചെയര്‍മാനും ആരോഗ്യ സ്റ്റാനന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി. പ്രശോഭ് കുമാര്‍ വൈസ് ചെയര്‍മാനുമായ എച്ച്എംസി കമ്മറ്റിയില്‍ ധനകാര്യ, പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്‍മാര്‍ക്ക് പുറമെ വാര്‍ഡ് കൗണ്‍സിലര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സന്നദ്ധ സംഘടന ഭാരവാഹികള്‍ തുടങ്ങിയവര്‍ അംഗങ്ങളാണ്. എന്നാല്‍ കോണ്‍ഗ്രസ്, ബിജെപി, പ്രതിനിധികളോ ജനങ്ങള്‍ക്ക് ഒപ്പം നില്‍ക്കേണ്ട സന്നദ്ധ സംഘടനകളോ തീരുമാനത്തെ എതിര്‍ത്തില്ല എന്നതും ശ്രദ്ധേയമാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍