സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദ്ദേശം ഡെക്ക് പി.ഡബ്ലിയു.ഡി റോഡുകള്‍ ഡിസം. 31നകം നന്നാക്കണം

കൊച്ചി : പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള റോഡുകളുടെ അറ്റകുറ്റപ്പണി ഡിസംബര്‍ 31നകവും തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ റോഡുകളുടേത് 2020 ജനുവരി 31നകവും പൂര്‍ത്തിയാക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പാക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഇക്കാര്യം സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് അഡ്വക്കേറ്റ് ജനറല്‍ നേരത്തേ ഹര്‍ജി പരിഗണിച്ചപ്പോള്‍ സിംഗിള്‍ ബെഞ്ചിനെ അറിയിച്ചിരുന്നു. ഇതു രേഖപ്പെടുത്തിയ ശേഷമാണ് ഇക്കാര്യം ഉറപ്പാക്കണമെന്ന് നിര്‍ദ്ദേശിച്ചത്. എറണാകുളം നഗരത്തിലെ റോഡുകളുടെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി നഗരത്തിലെ സബര്‍ബന്‍ ട്രാവല്‍സ് ഉടമ കെ.പി. അജിത്കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് ഇടക്കാല ഉത്തരവ്. റോഡ് അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട് മറ്റ് ആറ് നിര്‍ദ്ദേശങ്ങളും നല്‍കി. പൊതുമരാമത്ത് വകുപ്പിനു കീഴിലുള്ള റോഡുകളില്‍ 1,33,384 അറ്റകുറ്റപ്പണികള്‍ക്ക് അനുമതി നല്‍കിയത് തദ്ദേശ ഭരണ വകുപ്പിന്റെ അഭിഭാഷകന്‍ ഹൈക്കോടതിയുടെ ശ്രദ്ധയില്‍പെടുത്തി. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചു തുടങ്ങി. നിശ്ചിത സമയത്തിനുള്ളില്‍ റോഡ് വീണ്ടും തകര്‍ന്നാല്‍ കരാറുകാരനില്‍ ബാദ്ധ്യത ചുമത്തുന്ന വ്യവസ്ഥ കര്‍ശനമായി പാലിക്കുമെന്നും നിര്‍മ്മാണത്തിന് പുതിയ സാങ്കേതിക വിദ്യ ഉപയോഗിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ വിശദീകരിച്ചു.എറണാകുളത്ത് സഹോദരന്‍ അയ്യപ്പന്‍ റോഡിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രക്കാരനായ ഉമേഷ്‌കുമാര്‍ മരിച്ച സംഭവം ചൂണ്ടിക്കാട്ടി ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി. തകര്‍ന്ന റോഡുകള്‍ ഗതാഗതക്കുരുക്കിനു മാത്രമല്ല, ഇന്ധന നഷ്ടത്തിനും കാരണമാണ്. കുഴികള്‍ സമയബന്ധിതമായി നികത്തിയില്ലെങ്കില്‍ റോഡ് പൂര്‍ണമായും തകരും. ഇത്തരം കാര്യങ്ങളില്‍ ഉദ്യോഗസ്ഥരുടെ നിസംഗത ഇനി അനുവദിക്കാന്‍ കഴിയില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍