പ്രഭുദേവ ഒരുക്കുന്ന സല്‍മാന്റെ വിളയാട്ടം; ദബങ് 3 ട്രെയിലര്‍

ഉത്തര്‍പ്രദേശിലെ ചുല്‍ബുല്‍ പാണ്ഡെ എന്ന പൊലീസുകാരനായി സല്‍മാന്‍ മൂന്നാമതും വെള്ളിത്തിരയിലെത്തുന്നു. ദബങ് മൂന്നാം ഭാഗത്തിന്റെ ട്രെയിലര്‍ എത്തി. ചുല്‍ബുല്‍ പാണ്ഡെയും ഭാര്യ രജ്ജോയെയും (സൊനാക്ഷി സിന്‍ഹ) ട്രെയിലറില്‍ കാണാം.നിഷ്‌കളങ്കരനായിരുന്ന പാവം ചെറുപ്പക്കാരന്‍ ചുല്‍ബുല്‍ എങ്ങനെ പേടിയില്ലാത്ത പൊലീസുകാരനായി എന്നതാണ് മൂന്നാം ഭാഗത്തിന്റെ കഥ. ചുല്‍ബുലിന്റെ ചെറുപ്പകാലത്തെ പ്രണയിനിയാണ് ഖുഷി. ഇരുവരുടെയും പ്രണയത്തിന് തടയിടാനായി കിച്ചാ സുദീപിന്റെ വില്ലന്‍ കഥാപാത്രവും എത്തുന്നു. ചുല്‍ബുലിന്റെയും ഖുഷിയുടെയും പ്രണയം വലിയൊരു ദുരന്തത്തില്‍ അവസാനിക്കുകയും ആ നാട്ടില്‍ നിന്നു തന്നെ ചുല്‍ബുല്‍ രക്ഷപ്പെടുകയും ചെയ്യുന്നു. വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ കിച്ചാ സുദീപ് ആ നാട്ടിലെ മാഫിയ തലവനാണ്. അവിടേയ്ക്ക് സ്ഥലം എസ്‌ഐ ആയി ചുല്‍ബുല്‍ പാണ്ഡെ എത്തുന്നിടത്താണ് ദബങ് 3 ആവേശഭരിതമാകുന്നത്. നടന്‍ മഹേഷ് മഞ്ജരേക്കറിന്റെ മകള്‍ സൈയ്യീ മഞ്ജരേക്കര്‍ ഖുഷി എന്ന കഥാപാത്രമായി എത്തുന്നു. ചിത്രം സംവിധാനം ചെയ്യുന്നത് പ്രഭുദേവയാണ്. പത്ത് വര്‍ഷങ്ങള്‍ക്കു ശേഷം സല്‍മാനും പ്രഭുദേവയും വീണ്ടും ഒന്നിക്കുന്നു. 2009ല്‍ റിലീസ് ചെയ്ത വാണ്ടഡില്‍ ആണ് അവസാനം ഇരുവരും ഒന്നിച്ചത്‌നാല് വര്‍ഷങ്ങള്‍ക്കു ശേഷമാണ് പ്രഭുദേവ വീണ്ടും സംവിധായകനാകുന്നത്. 2015ല്‍ പുറത്തിറങ്ങി സിങ് ഈസ് ബ്ലിങ് ആണ് അവസാനമൊരുക്കിയ സിനിമ.ദബങ് സീരിസിലെ ഒന്നും രണ്ടും ഭാഗങ്ങള്‍ ബോക്‌സ്ഓഫീസില്‍ വമ്പന്‍ വിജയമായിരുന്നു. അഭിനവ് കശ്യപ് ആണ് ആദ്യ ഭാഗം ഒരുക്കിയത്. പിന്നീട് അര്‍ബാസ് ഖാന്‍ രണ്ടാം ഭാഗം സംവിധാനം ചെയ്തു. 2012ലാണ് ദബങ് 2 തിയറ്ററുകളില്‍ എത്തുന്നത്. സൊനാക്ഷി സിന്‍ഹ തന്നെയായാണ് ദബങ് മൂന്നാം ഭാഗത്തിലും നായിക. അര്‍ബാസ് ഖാന്‍, മാഹി ഗില്‍ എന്നിവരും പ്രധാനവേഷത്തിലെത്തും. ചിത്രം ഡിസംബര്‍ 20ന് തിയറ്ററുകളിലെത്തും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍