ദുബൈ കടലാസ് രഹിത ഭരണത്തിലേക്ക്; 2021ന് ശേഷം കടലാസ് രേഖകള്‍ ആവശ്യപ്പെടില്ല

ദുബൈ:ദുബൈയില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ പൂര്‍ണമായും കടലാസ് രഹിതമാക്കാന്‍ നിര്‍ദേശം. ലക്ഷ്യം കൈവരിക്കാന്‍ മുഴുവന്‍ സര്‍ക്കാര്‍ വകുപ്പുകളുടെയും സേവനം ആപ്ലിക്കേഷന്‍ വഴിയാക്കാന്‍ ദുബൈ കിരീടാവകാശി നിര്‍ദേശം പുറപ്പെടുവിച്ചു.
2021ന് ശേഷം ദുബൈയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനവും രേഖകള്‍ കടലാസില്‍ നല്‍കാന്‍ ആവശ്യപ്പെടില്ല. സര്‍ക്കാര്‍ ജീവനക്കാര്‍ ഓഫീസിലെ ആഭ്യന്തര ഇടപാടുകള്‍ക്ക് കടലാസ് ഉപയോഗിക്കുന്നതും ഇല്ലാതാക്കും. ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍മക്തൂം കഴിഞ്ഞവര്‍ഷമാണ് ദുബൈ പേപ്പര്‍ലസ് സ്ട്രാറ്റജി പ്രഖ്യാപിച്ചത്.
കടലാസ് രഹിത നയം നടപ്പാക്കാന്‍ ആദ്യവര്‍ഷം തന്നെ 15 സര്‍ക്കാര്‍ വകുപ്പുകള്‍ മുന്നോട്ട് വന്നു. ദുബൈ നൗ എന്ന ആപ്ലിക്കേഷന്‍ വഴി മാത്രം 88 സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാക്കി. 2021 ഡിസംബര്‍ 12 ന് മുഴുവന്‍ സര്‍ക്കാര്‍ സേവനങ്ങളും പൂര്‍ണമായും ഡിജിറ്റല്‍ വരിക്കണമെന്നാണ് നിര്‍ദേശം. ഡിജിറ്റല്‍വത്കരണത്തിലൂടെ ദുബൈ നഗരവാസികള്‍ക്ക് വര്‍ഷം 40 മണിക്കൂര്‍ ലാഭിക്കാനാകും. ദശലക്ഷം പേപ്പറുകള്‍ ലാഭിക്കാം 1,30,000 മരങ്ങളെ സംരക്ഷിക്കാം. 900 ദശലക്ഷം ദിര്‍ഹവും ഇതിലൂടെ ലാഭിക്കാന്‍ കഴിയുമെന്നാണ് കണക്ക്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍