2020ല്‍ കേരളത്തിന് നാല് പുതിയ ട്രെയിനുകള്‍, റിപ്പോര്‍ട്ട് റെയില്‍വേ മന്ത്രാലയത്തിന് കൈമാറി

തിരുവനന്തപുരം: യാത്രക്കാരുടെ തിരക്കും ഏറെ നാളായുള്ള ആവശ്യവും പരിഗണിച്ച് അടുത്ത വര്‍ഷം സംസ്ഥാനത്തിന് നാല് പുതിയ ട്രെയിനുകള്‍ അനുവദിക്കാന്‍ റെയില്‍വേ ബോര്‍ഡ് ടൈംടേബിള്‍ കമ്മിറ്റി തീരുമാനിച്ചു. നിലവിലെ തടസങ്ങള്‍ നീക്കി പാതയിരട്ടിപ്പിക്കല്‍ നിര്‍മ്മാണം പൂര്‍ത്തിയാകുന്ന മുറയ്ക്കായി രിക്കും ട്രെയിനുകള്‍ അനുവദിക്കുക. റെയില്‍വേ ടൈംടേബിള്‍ കമ്മിറ്റി അംഗീകരിച്ച റിപ്പോര്‍ട്ട് റെയില്‍വേ മന്ത്രാലയത്തിന് അയച്ചിരിക്കുകയാണ്. മറ്റു തടസങ്ങളൊന്നുമില്ലാത്തതിനാല്‍ മന്ത്രാലയം റിപ്പോര്‍ട്ട് അംഗീകരിക്കും. പുതിയതായി ട്രെയിനുകള്‍ അനുവദിക്കുന്നതിന് ഏക തടസമായി അവശേഷിക്കുന്നത് പാതയിരട്ടിപ്പിക്കല്‍ പൂര്‍ത്തിയാകാത്തതായിരുന്നു. ഇപ്പോഴത്തെ പാത 100 ശതമാനം ഉപയോഗിക്കുന്നുവെന്നാണ് കണക്കാക്കി യിരിക്കുന്നത്. ആദ്യഘട്ടമായി ബംഗളൂരുവില്‍ നിന്നു തിരുവനന്ത പുരത്തേക്ക് രണ്ടു ട്രെയിനുകളും, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് ഓരോ ട്രെയിനുമാണ് അനുവദിക്കുക. ഷൊര്‍ണൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള (കോട്ടയം വഴി) പാത ഇരട്ടിപ്പിക്കല്‍ നടപടികള്‍ അടുത്ത വര്‍ഷം മദ്ധ്യത്തോടെ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് ദക്ഷിണ റെയില്‍വേയുടെ കണക്കുകൂട്ടല്‍. ഏറ്റുമാനൂര്‍ മുതല്‍ ചിങ്ങവനം വരെയുള്ള പതിനാറര കിലോമീറ്റര്‍ ദൂരത്തെ നിര്‍മ്മാണ പ്രവര്‍ത്തനം മാത്രമാണ് ഇനി ബാക്കിയുള്ളത്. ഇതില്‍ കോട്ടയം യാഡ് ഒഴികെയുള്ള സ്ഥലങ്ങളിലെ തടസങ്ങള്‍ നീക്കി നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചു. പ്‌ളാന്റേഷന്‍ കോര്‍പറേഷന്‍, റബര്‍ ബോര്‍ഡ് ജംഗ്ഷന്‍ എന്നിവിടങ്ങളിലെ തര്‍ക്കം പരിഹരിച്ച് നിര്‍മ്മാണം ആരംഭിച്ചു. കീറാമുട്ടിയായി അവശേഷിച്ചിരുന്ന കോട്ടയം യാഡ് ഭാഗത്ത് സ്ഥലം ഏറ്റെടുത്ത് പുതിയ നഷ്ടപരിഹാര പാക്കേജ് നിശ്ചയിച്ചു മുന്നോട്ടുപോകാന്‍ ജില്ലാകളക്ടറെ ചുമതലപ്പെടുത്തി. ഒരു മാസത്തിനുള്ളല്‍ ഈ സ്ഥലം കൂടി ഏറ്റെടുക്കുന്നതോടെ അവസാന തടസവും മാറും. പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയായ ശേഷം കൊല്ലം, എറണാകുളം സൗത്ത്, തൃശൂര്‍, കോഴിക്കോട് സ്റ്റേഷനുകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് മാറ്റുന്ന പദ്ധതിയുമായി ബന്ധപ്പെട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ആരംഭിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍