150 കോടി മുതല്‍ മുടക്കില്‍ മെഗാതാര ചിത്രങ്ങള്‍, അഞ്ച് ഭാഷകളില്‍ റിലീസ്

 മലയാളികളൊന്നടങ്കം ആവേശപൂര്‍വം കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രങ്ങളായ മാമാങ്കത്തിന്റെയും മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെയും റിലീസ് ഡേറ്റുകള്‍ പ്രഖ്യാപിച്ചു. മമ്മൂട്ടി നായകനാകുന്ന മാമാങ്കം നവംബര്‍ 21 ന് ലോകവ്യാപകമായി റിലീസ് ചെയ്യും. കാവ്യാ ഫിലിം കമ്പനിയുടെ ബാനറില്‍ വേണു കുന്നപ്പിള്ളി നിര്‍മ്മിച്ച് എം. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന മാമാങ്കത്തില്‍ മമ്മൂട്ടിക്കൊപ്പം പ്രാചി ടെഹ്‌ലാന്‍, ഉണ്ണി മുകുന്ദന്‍, അനു സിതാര, കനിഹ, മണിക്കുട്ടന്‍, സുദേവ് നായര്‍, ഇനിയ, തരുണ്‍രാജ് വോറ തുടങ്ങി വലിയ ഒരു താരനിര തന്നെ അണിനിരക്കുന്നുണ്ട്. കാമറ : മനോജ് പിള്ള. എം. ജയചന്ദ്രന്‍ സംഗീതവും സഞ്ജിത്ത് ബല്‍ഹാരയും അങ്കിത് ബല്‍ഹാരയും ചേര്‍ന്ന് പശ്ചാത്തല സംഗീതവും ഒരുക്കുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലും മാമാങ്കം റിലീസ് ചെയ്യുന്നുണ്ട്. ശങ്കര്‍ രാമകൃഷ്ണനാണ് ചിത്രത്തിന്റെ അവലംബിത തിരക്കഥ ഒരുക്കിയിരിക്കുന്നത്. മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ ടീമിന്റെ നാല്പത്തിയെട്ടാമത്തെ ചിത്രമായ മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം അടുത്ത മാര്‍ച്ച് 19ന് ലോകവ്യാപകമായി റിലീസ് ചെയ്യും. മൂണ്‍ ഷോട്ട് എന്റര്‍ടെയ്ന്‍മെന്റ് സിന്റെയും കോണ്‍ഫിഡന്റ്ഗ്രൂപ്പിന്റെയും സഹകരണത്തോടെ ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് തിരുവാണ്. മോഹന്‍ലാലിനൊപ്പം സുനില്‍ ഷെട്ടി, അര്‍ജുന്‍, സുദീപ്, പ്രഭു, മുകേഷ്, നെടുമുടി വേണു, പ്രണവ് മോഹന്‍ലാല്‍, സിദ്ദിഖ്, ഇന്നസെന്റ്, രഞ്ജിപണിക്കര്‍, ഹരീഷ് പേരടി, കെ.ബി. ഗണേഷ്‌കുമാര്‍, സന്തോഷ് കീഴാറ്റൂര്‍, ബാബുരാജ്, നന്ദു, മാമുക്കോയ, ജി. സുരേഷ്‌കുമാര്‍, കൃഷ്ണപ്രസാദ്, മഞ്ജുവാര്യര്‍, കീര്‍ത്തി സുരേഷ് തുടങ്ങിയ വമ്പന്‍ താരനിര തന്നെ മരയ്ക്കാറില്‍ അണിനിരക്കുന്നുണ്ട്. സംഗീതം റോണി റാഫേലും പശ്ചാത്തല സംഗീതം രാഹുല്‍രാജുമാണ് ഒരുക്കുന്നത. എം.എസ. അയ്യപ്പന്‍ നായരാണ് എഡിറ്റര്‍.അന്തരിച്ച പ്രശസ്ത തിരക്കഥാകൃത്ത് ടി. ദാമോദരന്റെ ആശയത്തിന് പ്രിയദര്‍ശനും അന്തരിച്ച സംവിധായകന്‍ ഐ.വി. ശശിയുടെ മകന്‍ അനി ശശിയും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്.തിരുനാവായ മണപ്പുറത്ത് പന്ത്രണ്ടുവര്‍ഷത്തിലൊരിക്കല്‍ അരങ്ങേറിയിരുന്ന മാമാങ്ക മഹോത്സവമാണ് മാമാങ്കം എന്ന ചിത്രത്തിന് ആധാരം. വള്ളുവകോനാതിരിയും കോഴിക്കോട് സമൂതിരിയും തമ്മിലുള്ള കിടമത്സരം മാമാങ്കത്തില്‍ പ്രമേയമാകുമ്പോള്‍ പോര്‍ച്ചഗീസുകാര്‍ക്കെതിരെ കടല്‍യുദ്ധം നടത്തിയ ധീരയോദ്ധാവായ കുഞ്ഞാലിമരയ്ക്കാര്‍ നാലാമന്റെ കഥയാണ് മരയ്ക്കാര്‍ പറയുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍