പ്രത്യേക പദവി റദ്ദാക്കല്‍: കശ്മീരില്‍ അറസ്റ്റിലായത് 144 കുട്ടികള്‍

ന്യൂഡല്‍ഹി:സംസ്ഥാനത്തിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷം ഒന്‍പതുകാരന്‍ ഉള്‍പ്പെടെ 18 വയസിന് താഴെയുളള 144 കുട്ടികളെ അറസ്റ്റ് ചെയ്തതായി ജമ്മുകശ്മീര്‍ ഹൈക്കോടതി ജുവനൈല്‍ ജസ്റ്റിസ് കമ്മിറ്റി സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. പ്രത്യേക പദവി റദ്ദാക്കിയ ആഗസ്റ്റ് 5 മുതല്‍ സെപ്തംബര്‍ 23വരെയുള്ള കണക്കാണിത്.ഒന്‍പതുകാരനാണ്ഏറ്റവും പ്രായം കുറഞ്ഞത്. മിക്കവരെയും കസ്റ്റഡിയിലെടുത്ത ദിവസമോ അല്ലെങ്കില്‍ കുറച്ചുദിവസം ഒബ്‌സര്‍വേഷന്‍ ഹോമുകളില്‍ പാര്‍പ്പിച്ചശേഷമോ വിട്ടയച്ചു. കല്ലെറിയല്‍ പോലെയുള്ള പ്രശ്‌നങ്ങളുള്ള പ്രദേശങ്ങളില്‍ നിന്ന് മുന്‍കരുതല്‍ നടപടി ചട്ടമുപയോഗിച്ചാണ് 86 കുട്ടികളെ കസ്റ്റഡിയിലെടുത്തത്. കല്ലെറിയല്‍, പൊതു സ്വകാര്യ സ്വത്തുക്കള്‍ നശിപ്പിക്കല്‍, കലാപമുണ്ടാക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് മറ്റുള്ള കുട്ടികള്‍ക്കെതിരെയുള്ളത്.ആഗസ്റ്റ് 5 മുതല്‍ ശ്രീനഗര്‍, ജമ്മു എന്നിവിടങ്ങളില്‍ നിന്നുള്ള 46 കുട്ടികളെയാണ് ഒബ്‌സര്‍വേഷന്‍ ഹോമുകളില്‍ പാര്‍പ്പിച്ചത്. ഇതില്‍ ശ്രീനഗറിലെ 21ഉം ജമ്മുവിലെ നാലും കുട്ടികളെ ജാമ്യത്തില്‍വിട്ടു. അന്വേഷണം പൂര്‍ത്തിയാകാത്തതിനാല്‍ ബാക്കി കുട്ടികള്‍ ഇപ്പോഴും ഒബ്‌സര്‍വേഷന്‍ ഹോമുകളിലാണ്.ജമ്മുകശ്മീര്‍ ഡി.ജി.പിയും ചൈല്‍ഡ് പ്രോട്ടക്ഷന്‍ സൊസൈറ്റി മിഷന്‍ ഡയറ്കടറും നല്‍കിയ റിപ്പോര്‍ട്ടുകളാണ് ജുവനൈല്‍ ജസ്റ്റിസ് കമ്മിറ്റി സുപ്രീംകോടതിയില്‍ നല്‍കിയിരിക്കുന്നത്. ജമ്മുകശ്മീരില്‍ ഒരു കുട്ടിയെപോലും നിയമവിരുദ്ധമായി തടഞ്ഞുവയ്ക്കുകയോ കസ്റ്റഡിയിലെടുക്കുകയോ ചെയ്തിട്ടില്ലെന്നും വാര്‍ത്തകള്‍ തെറ്റാണെന്നുമാണ് ഡി.ജി.പിയുടെ റിപ്പോര്‍ട്ട്. ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ അനുമതിയോടെയാണ് ഒബ്‌സര്‍വേഷന്‍ ഹോമുകളില്‍ പാര്‍പ്പിച്ചത്.ജുവൈനല്‍ നിയമപ്രകാരമുള്ള നടപടികള്‍ പാലിച്ചാണ് അറസ്റ്റെന്നും പൊലീസ് വിശദീകരിക്കുന്നു.
കുട്ടികളെ അനധികൃതമായി തടങ്കലില്‍ വച്ചെന്ന് ചൂണ്ടിക്കാട്ടി പ്രമുഖ ബാലാവകാശ വിദഗ്ദ്ധയായ എനാക്ഷി ഗാംഗുലി, ദേശീയ ബാലാവകാശ കമ്മിഷന്‍പ്രഥമ ചെയര്‍പേഴ്‌സണ്‍ പ്രൊഫ. ശാന്ത സിന്‍ഹ എന്നിവരാണ് സുപ്രീംകോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി നല്‍കിയത്. ആരോപണത്തിന്റെ സത്യാവസ്ഥ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി ജുവനൈല്‍ ജസ്റ്റിസ് കമ്മിറ്റിയോട് സുപ്രീംകോടതി ഉത്തരവിടുകയായിരുന്നു. ജസ്റ്റിസ് അലി മുഹമ്മദ് മാഗ്ര ചെയര്‍മാനും ഡി.എസ് താക്കൂര്‍, സഞ്ജീവ് കുമാര്‍, റാഷിദ് അലി ദര്‍ എന്നിവരുമടങ്ങിയ കമ്മിറ്റിയാണ് റിപ്പോര്‍ട്ട് നല്‍കിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍