ദേശീയത ഒരു ഭാഷയോ മതമോ അല്ല, 130 കോടി ജനങ്ങളുടെ ഏകസ്വരമെന്ന് പ്രണബ് മുഖര്‍ജി

ന്യൂഡല്‍ഹി: രാജ്യത്തു വര്‍ധിച്ചു വരുന്ന അതിക്രമങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ചും സഹിഷ്ണുതയിലും മതേതരത്വത്തിലും പരസ്പര വിശ്വാസത്തിലും ഊന്നി അഖണ്ഡ ഇന്ത്യയായി നിലനില്‍ക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയും മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി. ആരോഗ്യകരമായ ജനാധിപത്യത്തിനായി ദേശീയ താത്പര്യം മുന്‍നിര്‍ത്തി കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമാണ്. ഇന്ന് ഭിന്നതകളുടെ പേരില്‍ രാജ്യത്ത് അക്രമങ്ങള്‍ വളരെയേറെ വര്‍ധിച്ചിരിക്കുന്നു.
ഐക്യത്തിലും അഖണ്ഡതയിലും നിലനില്‍ക്കാനുള്ള കഴിവ് ഏറെ ശ്രമകരമായി മാറിയിരിക്കുന്നു. ഇത്തരത്തിലുള്ള അതിക്രമങ്ങള്‍ ശാരീരികമായി മാത്രമല്ല മാനസികമായും ബൗദ്ധികമായും പിന്നോട്ടടിക്കുമെന്നു മാത്രമല്ല സാമൂഹ്യ, സാമ്പത്തിക മേഖലകളെക്കൂടി പ്രതികൂലമായി ബാധിക്കും. ജനങ്ങളുടെ ജീവന് വില കല്‍പ്പിക്കുന്നില്ല എന്നു മാത്രമല്ല പരസ്പര വിശ്വാസമില്ലായ്മയും വെറുപ്പും സംശയവും അസൂയയും മുന്‍പെങ്ങുമില്ലാത്ത വിധം വളര്‍ന്നിരിക്കുന്നു എന്നും പ്രണബ് മുഖര്‍ജി ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ ദേശീയത എന്നാല്‍ ഒരു ഭാഷയോ ഒരു മതമോ ഒരു പൊതുശത്രുവോ അല്ല, അത് 122 ഭാഷകള്‍ സംസാരിക്കുന്ന പ്രതിദിന ജീവിതത്തില്‍ 1600 ഭിന്നാഭിപ്രായങ്ങളുള്ള ഏഴിലേറെ സുപ്രധാന മതവിശ്വാസങ്ങളുള്ള മൂന്ന് മനുഷ്യവര്‍ഗങ്ങളും ചേര്‍ന്ന് 130 കോടി ജനങ്ങള്‍ ഒരേ സംവിധാനത്തിന് കീഴില്‍ ജീവിക്കുന്നതാണ്. ഒരേ പതാകയും ഭാരതീയന്‍ എന്ന ഒരേ തിരിച്ചറിവും ആരോടും ശത്രുതയില്ലായ്മയും ആണ് ഇന്ത്യയെ നാനാത്വത്തില്‍ ഏകത്വം എന്ന അടിസ്ഥാനത്തില്‍ അഖണ്ഡ രാജ്യമാക്കി നിലനിര്‍ത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.മതേതരത്വവും കൂടിച്ചേരലും നമ്മളെ സംബന്ധിച്ച് വിശ്വാസത്തിന്റെ ഭാഗം തന്നെയാണ്. ഗോഹട്ടിയിലെ നോര്‍ത്ത് ഈസ്റ്റ് ഇന്റസ്റ്റിറ്റിയൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിന്റെ സ്ഥാപക ദിനാചരണത്തില്‍ ഡല്‍ഹിയില്‍ നിന്നും വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ഭാരത രത്‌ന ജേതാവ് കൂടിയായ മുന്‍ രാഷ്ട്രപതി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍