മഴയില്‍ മുങ്ങി വോട്ടെടുപ്പ്, നാളെ 13 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്: ചീഫ് സെക്രട്ടറി യോഗം വിളിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വോട്ടെടുപ്പ് നടക്കുന്ന ജില്ലകളില്‍ മഴകനക്കാന്‍ സാദ്ധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദമാണ് മഴ കനക്കാന്‍ കാരണം. ശക്തമായ മഴ കണക്കിലെടുത്ത് നാളെ തിരുവനന്തപുരം ഒഴികെ 13 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. പ്രളയ സമാനമായ സാഹചര്യം കണക്കിലെടുത്ത് മുന്‍കരുതലുകള്‍ സ്വീകരിക്കാനും നിര്‍ദേശമുണ്ട്. ഉച്ചക്ക് ശേഷം ഇടിയോട് കൂടിയ മഴയ്ക്ക് സാദ്ധ്യയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. മഞ്ചേശ്വരം ഒഴികെ നാല് മണ്ഡലങ്ങളിലും കനത്ത മഴ തുടരുകയാണ്. ന്യൂനമര്‍ദ്ദത്തിന്റെ ഫലമായാണ് രാവിലെ ശക്തമായ മഴ ലഭിച്ചതെന്നും എന്നാല്‍, ഗുരുതരമായ സ്ഥിതിവിശേഷം ഇല്ലെന്നും ദുരന്തനിവാരണ അതോറിറ്റി മെമ്ബര്‍ സെക്രട്ടറി ശേഖര്‍ കുര്യാക്കോസ് വ്യക്തമാക്കി. വോട്ടെടുപ്പ് നടക്കുന്ന നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് ആണ് നിലവിലുള്ളത്. സംസ്ഥാനത്ത് പരക്കെ മഴ തുടരുന്നതിനാല്‍ ഉച്ചയ്ക്കുശേഷം ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സ്ഥിതിഗതികള്‍ അവലോകനം ചെയ്യും. കൊല്ലം ജില്ലയിലെ കിഴക്കന്‍ മേഖലയില്‍ മഴ ശക്തമായി തുടരുകയാണ്. പത്തനാപുരം ആവണീശ്വരത്ത് 25 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. മണ്‍റോതുരുത്തില്‍ രണ്ട് വീടുകള്‍ മഴയില്‍ തകര്‍ന്നുവീണു. മത്സ്യത്തൊഴിലാളിള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍