യുഎഇ സംഗമം: കേരളത്തിന് 10,000 കോടിയുടെ നിക്ഷേപവാഗ്ദാനം

ദുബായ്: യുഎഇയില്‍ നടന്ന നിക്ഷേപക സംഗമത്തില്‍ കേരളത്തിന് 10,000 കോടിയുടെ വാഗ്ദാനം ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടന്ന അവലോകന യോഗം വിലയിരുത്തി. ഡിപി വേള്‍ഡ് 3,500 കോടി, ആര്‍പി ഗ്രൂപ്പ് 1,000 കോടി, ലുലു ഗ്രൂപ്പ് 1,500 കോടി, ആസ്റ്റര്‍ ഗ്രൂപ്പ് 500 കോടി, മറ്റു ചെറുകിട സംരംഭകര്‍ 3,500 കോടി എന്നിങ്ങനെയാണു വാഗ്ദാനം. ഇതില്‍ ഡിപി വേള്‍ഡ് ഷിപ്പിംഗ് ആന്‍ഡ് ലോജിസ്റ്റിക്‌സ് വിഭാഗത്തിലും ആര്‍പി ഗ്രൂപ്പ് ടൂറിസം മേഖലയിലും ലുലു റീ ടെയില്‍ മേഖലയിലും ആസ്റ്റര്‍ ആരോഗ്യമേഖലയിലുമാണു നിക്ഷേപം നടത്തുന്നത്. കേരളത്തിലേക്കു നിക്ഷേപം ആകര്‍ഷിക്കുന്നതു സംബന്ധിച്ചു ദുബായില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സംരംഭകരുടെ യോഗവും ചേര്‍ന്നിരുന്നു. പ്രവാസി സംരംഭകര്‍ക്കു വേണ്ട സഹായം നല്‍കാന്‍ ഉന്നതതല നിക്ഷേപക കൗണ്‍സില്‍ രൂപീകരിക്കുമെന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. ലോക കേരള സഭയില്‍ ഉരുത്തിരിഞ്ഞ ആശയമായിരുന്നു പ്രവാസി മലയാളികളുടെ നിക്ഷേപം ആകര്‍ഷിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍