എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷ മാര്‍ച്ച് 10 മുതല്‍, ചോദ്യപേപ്പറുകള്‍ സ്‌കൂളുകളില്‍ സൂക്ഷിക്കും

തിരുവനന്തപുരം: ഈ അദ്ധ്യയന വര്‍ഷത്തെ എസ്.എസ്.എല്‍.സി, പ്ലസ് വണ്‍, പ്ലസ്ടു വാര്‍ഷിക പരീക്ഷകള്‍ 2020 മാര്‍ച്ച് 10 ന് ആരംഭിച്ച് 26 ന് അവസാനിക്കും. രാവിലെയായിരിക്കും പരീക്ഷ. വി.എച്ച്.എസ്.ഇ പരീക്ഷ 10 മുതല്‍ 27 വരെയാണ്.
എസ്.എസ്.എല്‍.സിക്ക് ഒമ്പതും ഹയര്‍ സെക്കന്‍ഡറിക്ക് പത്തും വി.എച്ച്.എസ്.ഇക്ക് പതിനൊന്നും പരീക്ഷകളാണുള്ളത്. ഇന്നലെ ചേര്‍ന്ന ക്യു.ഐ.പി മോണിറ്ററിംഗ് സമിതിയാണ് പരീക്ഷകള്‍ ഒരുമിച്ച് നടത്താനും പരീക്ഷാ തീയതിയും തീരുമാനിച്ചത്.എസ്.എസ്.എല്‍.സി മോഡല്‍ പരീക്ഷ ഫെബ്രുവരി 12 മുതല്‍ 18 വരെ നടക്കും. ഐ.ടി മോഡല്‍ ജനുവരി 31 നകം പൂര്‍ത്തീകരിക്കും.ഐ.ടി പ്രാക്ടിക്കല്‍ ഫെബ്രുവരി 20 മാര്‍ച്ച് 3 വരെ. ഫെബ്രുവരി 5 മുതല്‍ മാര്‍ച്ച് 5 വരെയാണ് ഹയര്‍സെക്കന്‍ഡറി പ്രാക്ടിക്കല്‍ പരീക്ഷകള്‍.
എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ രാവിലെ ഒരുമിച്ച് നടത്തുമെങ്കിലും രണ്ട് വിഭാഗങ്ങള്‍ക്കും പ്രത്യേകം ചീഫ് സൂപ്രണ്ടും ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടും ഉണ്ടാകും. ചോദ്യപേപ്പറുകള്‍ വിദ്യാലയങ്ങളില്‍ തന്നെ സൂക്ഷിക്കും. ഉത്തരക്കടലാസുകള്‍ അന്നേദിവസം തന്നെ അയക്കും. ചോദ്യപേപ്പറുകള്‍ സൂക്ഷിക്കുന്ന അലമാര ഡബിള്‍ ലോക്കിംഗ് സംവിധാനത്തിലായിരിക്കും.സ്‌കൂളുകളില്‍ സിസിടിവി കാമറകള്‍ സജ്ജീകരിക്കാന്‍ സമിതി നിര്‍ദേശം നല്‍കി. പി.ഡി ഫണ്ട് അക്കൗണ്ടില്‍നിന്ന് ഇതിനുള്ള തുക വിനിയോഗിക്കാം. സ്‌കൂളുകളില്‍ പൊലിസ് സംരക്ഷണവും ഉണ്ടാകും. പരീക്ഷാചുമതലകള്‍ക്ക് അദ്ധ്യാപകര്‍ക്ക് ലഭിക്കുന്ന വേതനം വര്‍ദ്ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
ഡി.ജി.ഇ കെ.ജീവന്‍ബാബു, എസ്.സി.ഇ.ആര്‍.ടി ഡയറക്ടര്‍ ജെ.പ്രസാദ്, അദ്ധ്യാപകസംഘടനാ നേതാക്കളായ കെ.സി.ഹരികൃഷ്ണന്‍,എന്‍.ശ്രീകുമാര്‍, വി.കെ.അജിത്കുമാര്‍, എ.കെ.സൈനുദ്ദീന്‍, ജെയിംസ് കുര്യന്‍, ടി.വി.വിജയന്‍, ടി.അനൂപ്കുമാര്‍, എം.തമീമുദ്ദിന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍