മില്‍മയുടെ എല്ലാ ഇനം പാലിനും ലിറ്ററിന് നാല് രൂപ വീതം വര്‍ദ്ധിപ്പിച്ചു

തിരുവനന്തപുരം: പച്ചക്കറിക്കും നിത്യോപയോഗ സാധനങ്ങള്‍ക്കും വിലവര്‍ദ്ധിച്ചതോടെ വലയുന്ന ജനങ്ങളുടെ നടുവൊടിക്കാന്‍ മില്‍മ പാലിന്റെ വിലയും വര്‍ദ്ധിപ്പിച്ചു. മില്‍മയുടെ എല്ലാ ഇനം പാലിനും നാല് രൂപ വീതമാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ഇതില്‍ 3 രൂപ 52 പൈസയും കര്‍ഷകര്‍ക്ക് തന്നെ തിരികെ നല്‍കും. മന്ത്രി കെ.രാജുവിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് സുപ്രധാന തീരുമാനമുണ്ടായത്. കാലിത്തീറ്റവില വര്‍ദ്ധനയ്ക്കനുസരിച്ച് സബ്‌സിഡി കൂട്ടാനാകില്ലെന്ന് സര്‍ക്കാര്‍ നിലപാടെടുത്തതോടെ എല്ലാ തരം പാലുകള്‍ക്കും ഏഴ് രൂപ വീതം വര്‍ദ്ധിപ്പിക്കണമെന്ന് മില്‍മ സമിതി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ ജനരോക്ഷം ഉണ്ടാകുമെന്നതിനാല്‍ ഓണത്തിന് മുമ്ബ് വിലവര്‍ദ്ധന നടപ്പാക്കില്ലെന്നായിരുന്നു വിലയിരുത്തല്‍. അതേസമയം, പുതിയ തീരുമാനത്തോടെ രാജ്യത്ത് പാലിന് ഏറ്റവും കൂടുതല്‍ വില ഈടാക്കുന്ന സംസ്ഥാനമെന്ന ഖ്യാതിയും കേരളം നിലനിറുത്തി. ഇപ്പോള്‍ ലിറ്ററിന് 46 മുതല്‍ 48 രൂപ വരെയാണ് കേരളത്തിലെ പാല്‍വില. തമിഴ്‌നാട്ടില്‍ ലിറ്ററിന് 21 രൂപയേ ഉള്ളൂ. 2017 ലാണ് അവസാനം പാല്‍ വില കൂട്ടിയത്. അന്ന് ലിറ്ററിന് നാലുരൂപ കൂട്ടിയപ്പോള്‍ 3.35 രൂപയാണ് കര്‍ഷകന് നല്‍കിയത്. പാല്‍ വില വര്‍ദ്ധിച്ചതോടെ നെയ്യ്, വെണ്ണ അടക്കമുള്ള പാല്‍ഉത്പന്നങ്ങള്‍ക്കും വില കൂടും. കാലിത്തീറ്റയുടെയും പിണ്ണാക്കിന്റെയും വിലക്കയറ്റത്തില്‍ ബുദ്ധിമുട്ടുന്ന കര്‍ഷകര്‍ക്ക് കാലിവളര്‍ത്തല്‍ പ്രോത്സാഹനപദ്ധതി (മില്‍ക്ക്‌ഷെഡ് ഡെവലപ്‌മെന്റ് പ്രോഗ്രാം) പ്രകാരം സര്‍ക്കാര്‍ സബ്‌സിഡി നല്‍കുന്നുണ്ട്. ഇതില്‍ അംഗമല്ലാത്തവര്‍ക്ക് ഈ ആനുകൂല്യമില്ല. ക്ഷീരസംഘങ്ങളില്‍ പാലളക്കുന്ന കര്‍ഷകര്‍ക്ക് ഒരു ചാക്ക് തീറ്റയ്ക്ക് 100 രൂപ മില്‍മ നല്‍കുന്ന സബ്‌സിഡിയാണ് ആകെ ആശ്വാസം. തീറ്റവില കുത്തനെ കൂടുന്നതിനാല്‍ ഇത് ഒന്നുമാകില്ല. ഒരു മാസത്തിനിടെ കേരളഫീഡ്‌സ്, മില്‍മ തീറ്റകള്‍ക്ക് ചാക്കിന് 120 130 രൂപ വരെ കൂടിയതാണ് ക്ഷീര കര്‍ഷകരെ പ്രതിസന്ധിയിലാക്കിയത്. പാല്‍ വില കൂട്ടാതെ കര്‍ഷകനെ സഹായിക്കാന്‍ പുതിയ പദ്ധതികള്‍ തയ്യാറാക്കി പ്രതിസന്ധി പരിഹരിക്കാന്‍ കഴിയുമായിരുന്നു എന്നാണ് വിദഗ്ദ്ധ പക്ഷം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍