ഒരു രാജ്യം ഒരു ഭാഷ നടപ്പാകില്ല, നെഹ്രുവിന്റെ ആശയങ്ങളെ ഉപേക്ഷിച്ചാല്‍ ഇന്ത്യ മരിക്കും: ജയറാം രമേഷ്

ബംഗളുരു: ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്രുവിന്റെ ആശയങ്ങളെ കൈവെടിഞ്ഞാല്‍ ഇന്ത്യ മരിക്കുമെന്ന പ്രസ്താവനയുമായി പ്രമുഖ കോണ്‍ഗ്രസ് നേതാവും രാജ്യസഭാ അംഗവുമായ ജയറാം രമേഷ്. നെഹ്രുവിന്റെ പാരമ്പര്യത്തെ അപമാനിക്കാനും ഇല്ലാതാക്കാനും ഏതാനും ശക്തികള്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബംഗളൂരുവില്‍ എം. വിശ്വേശരയ്യ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു ജയറാം രമേഷ്.
'ഒരു രാജ്യം ഒരു നികുതി നാം നടപ്പിലാക്കിയിട്ടുണ്ടെന്നത് ശരിയാണ്. പക്ഷെ ഒരു രാജ്യം ഒരു ഭാഷ എന്ന ആശയം ഒരിക്കലും യാഥാര്‍ത്ഥ്യമാവില്ല. നമ്മള്‍ ഒരു രാഷ്ട്രമാണ് എന്നാല്‍ ഒരുപാട് ഭാഷകളുണ്ട് നമുക്ക്. ഒരു രാഷ്ട്രമാണെങ്കിലും നമുക്ക് ഒരുപാട് രാഷ്ട്രങ്ങളുണ്ട്. ഞാനിപ്പോള്‍ നിങ്ങളോടു ഹിന്ദിയിലും ഇംഗ്‌ളീഷിലും കന്നടയിലും സംസാരിച്ചു. ഈ ആശയം വ്യക്തമാക്കുന്നതിന് വേണ്ടിയായിരുന്നു അത്' ജയറാം രമേഷ് പറഞ്ഞു. കര്‍ണാടക ഗവര്‍ണറും മുഖ്യമന്ത്രിയും ഉള്‍പ്പടെയുള്ളവര്‍ സന്നിഹിതരായിരുന്ന വേദിയില്‍ വച്ചാണ് അദ്ദേഹം തന്റെ പ്രസംഗം നടത്തിയത്. ലോകത്തിന് മുന്നില്‍ ഇന്ത്യയെ അടയാളപ്പെടുത്താന്‍ പൊതുവായ ഒരു ഭാഷയുണ്ടായിരിക്കണമെന്നും ഏറ്റവും കൂടുതല്‍ ആളുകള്‍ സംസാരിക്കുന്ന ഹിന്ദി ഭാഷയ്ക്ക് രാജ്യത്തെ ഒരുമിച്ച് നിറുത്താനാവുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഏതാനും ദിവസം മുന്‍പ് പരാമര്‍ശിച്ചതാണ് 'ഹിന്ദി' വിവാദത്തിന് തിരികൊളുത്തിയത്. ഷായുടെ ട്വിറ്ററിലെ പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഡി.എം.കെ നേതാവ് സ്റ്റാലിന്‍, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തുടങ്ങി നിരവധിപേര്‍ അമിത് ഷായ്‌ക്കെതിരെ രംഗത്ത് വന്നിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍