ചാവറ കള്‍ച്ചറല്‍ സെന്ററിനു യുഎന്‍ സ്‌പെഷല്‍ കണ്‍സള്‍ട്ടേറ്റീവ് പദവി

കൊച്ചി: കൊച്ചിയിലെ ചാവറ കള്‍ച്ചറല്‍ സെന്ററിനു ഐക്യരാഷ്ട്ര സംഘടനയുടെ എക്കോസോക്ക് സാമ്പത്തിക സാമൂഹിക കൗണ്‍സിലിന്റെ സ്‌പെഷല്‍ കണ്‍സള്‍ട്ടേറ്റീവ് പദവി. സാംസ്‌കാരികധാരകളിലും മതാന്തരസൗഹൃദ രംഗത്തും നടത്തിയ സ്തുത്യര്‍ഹമായ സേവനങ്ങളെ പരിഗണിച്ചാണ് അംഗീകാരം. അര നൂറ്റാണ്ടോളമായി കൊച്ചിയുടെ സാംസ്‌കാരികധാരയില്‍ നിര്‍ണായക സാന്നിധ്യമായി മതാന്തരസൗഹൃദം ഊട്ടി വളര്‍ത്തുന്നതിനു നിസ്തുല സേവനങ്ങള്‍ നല്‍കിവരുന്ന പ്രസ്ഥാനമാണു സിഎംഐ സന്ന്യാസ സമൂഹത്തിന്റെ കീഴിലുള്ള ചാവറ കള്‍ച്ചറല്‍ സെന്റര്‍. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ വെളിച്ചത്തില്‍ കത്തോലിക്കാ സഭയുടെ സാംസ്‌കാരിക സമീപനങ്ങളില്‍ തദ്ദേശീയരൊടൊപ്പം ഇടപെടുകയും മുന്‍കൈയെടുക്കുകയും വേണമെന്ന തീരുമാനത്തിനു വിധേയമായി സ്ഥാപിക്കപ്പെട്ട ആദ്യ സാംസ്‌കാരിക കേന്ദ്രങ്ങളില്‍ പ്രമുഖമായ ഒന്നാണിത്. യുഎന്‍ അംഗീകാരത്തിന്റെ പശ്ചാത്തലത്തില്‍ കൊച്ചി പൗരാവലിയുടെ നേതൃത്വത്തില്‍ വിവിധ സംഘടകള്‍ ചേര്‍ന്നു ചാവറ കള്‍ച്ചറല്‍ സെന്ററിന് ആദരമൊരുക്കും. ചാവറയുടെ ഇതുവരെയുള്ള ഡയറക്ടര്‍മാരെ ആദരിക്കും. 16നു വൈകുന്നേരം അഞ്ചിന് എറണാകുളം ഫൈന്‍ ആര്‍ട്‌സ് ഹാളിലാണ് അഭിനന്ദന സ്വീകരണം സംഘടിപ്പിച്ചിട്ടുള്ളതെന്നു സംഘാടക സമിതി ചെയര്‍മാന്‍ പ്രഫ.എം.കെ. സാനു അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍