ഒരു രാജ്യം ഒരു ഭാഷ: വൈവിധ്യങ്ങളെ ഇല്ലാതാക്കാനാണ് ശ്രമമെന്ന് യെച്ചൂരി

ന്യൂഡല്‍ഹി: ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഒരു രാജ്യം ഒരു ഭാഷ മുദ്രാവാക്യത്തിനെതിരെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. വൈവിധ്യങ്ങളെ ഇല്ലാതാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. രാജ്യത്തെ ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്നും യെച്ചൂരി ആരോപിച്ചു. രാജ്യത്തെ ഒന്നിപ്പിക്കാന്‍ ഹിന്ദിക്ക് കഴിയുമെന്നും ലോകത്തിനു മുന്നില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ ഒരു ഭാഷ ഉണ്ടായിരിക്കേണ്ടത് ആവശ്യമാണെന്നുമായിരുന്നു അമിത് ഷായുടെ പ്രസ്താവന. ഹിന്ദി ദിനാചരണത്തിന്റെ ഭാഗമായി ട്വിറ്ററിലൂടെയായിരുന്നു ബിജെപി അധ്യക്ഷന്‍ കൂടിയായ കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ ഇക്കാര്യം പറഞ്ഞത്. ഹിന്ദിയെ പ്രാഥമിക ഭാഷയാക്കണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു. വിവിധ ഭാഷകളുള്ള രാജ്യമാണ് ഇന്ത്യ. എല്ലാ ഭാഷകള്‍ക്കും അതിന്റേതായ പ്രത്യേകതകളുണ്ട്. എന്നാല്‍ ലോകത്തിനു മുന്നില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ ഒരു ഭാഷ ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്. വ്യാപകമായി ഉപയോഗിക്കുന്ന ഹിന്ദി ഭാഷയ്ക്കാണ് ഇന്ത്യയെ ഒന്നിപ്പിച്ചു നിര്‍ത്താന്‍ സാധിക്കുവെന്നും അദ്ദേഹം പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍