പണം വേണോ... പോസ്റ്റ്മാന്‍ വീട്ടിലെത്തിക്കും

കോഴിക്കോട്: എടിഎമ്മിനു മുന്നില്‍ ക്യൂ നിന്ന് ഇനി പണം പിന്‍വലിക്കേണ്ട. ആവശ്യത്തിനുള്ള പണം വീട്ടിലെത്തിച്ചു നല്‍കാന്‍ പോസ്റ്റ്മാന്മാര്‍ തയാറാണ്. ഏത് അക്കൗണ്ടില്‍നിന്നും പണം പിന്‍വലിക്കാനും മറ്റൊരാളുടെ അക്കൗണ്ടിലേക്ക് പണം കൈമാറാനും സ്വന്തം അക്കൗണ്ടിലെ ബാലന്‍സ് അറിയാനുമുള്ള സൗകര്യത്തോടുകൂടിയാണ് തപാല്‍വവകുപ്പ് ആധാര്‍ എനേബിള്‍ഡ് പേമെന്റ് സിസ്റ്റം (എഇപിഎസ്) നടപ്പിലാക്കിയത്. മൈക്രോ എടിഎം ആപ്പും മൊബൈല്‍ ഫോണും ബയോമെട്രിക് ഉപകരണവും പോസ്റ്റ്മാന്മാര്‍ക്കു നല്കിയാണ് തപാല്‍വകുപ്പ് പുതിയ സംവിധാനമൊരുക്കിയത്.
ഓരോ ബാങ്കും നിശ്ചയിക്കുന്നത്ര തുക പിന്‍വലിക്കാനാവും. പുതിയ പദ്ധതി ജനപ്രീതി നേടുന്നുണ്ടെന്ന് ഇന്ത്യ പോസ്റ്റ് പേമെന്റ് ബാങ്ക് അസിസ്റ്റന്റ് മാനേജര്‍ പി.ആനന്ദ് പറഞ്ഞു.യൂസര്‍ നെയിമോ പാസ്‌വേഡോ നല്കാതെ പൂര്‍ണമായും ബയോമെട്രിക് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എഇപിഎസ് പ്രവര്‍ത്തിക്കുന്നത്. കേരള സര്‍ക്കിളിനു കീഴിലെ ആകെയുള്ള 10,600 പോസ്റ്റ്മാന്മാരില്‍ 7,196 പേരും പുതിയ സേവനം നല്കാന്‍ സജ്ജരായി. പോസ്റ്റ് ഓഫീസുകളില്‍ നേരിട്ടെത്തിയാലും ഇതേ സേവനങ്ങള്‍ പ്രയോജനപ്പെടുത്താം.
സംസ്ഥാനത്തെ 5,064 പോസ്റ്റ് ഓഫീസുകളില്‍ 4,742ലും പുതിയ സൗകര്യമുണ്ട്. തപാല്‍ വകുപ്പിന്റെ പേമെന്റ് ബാങ്കായ ഐപിപിബിക്ക് (ഇന്ത്യ പോസ്റ്റ് പേമെന്റ് ബാങ്ക്) അനുബന്ധമായാണ് എഇപിഎസ് പ്രവര്‍ത്തിക്കുന്നത്.ഓണ്‍ലൈന്‍ ഇടപാടുകളില്‍ പ്രാവീണ്യമില്ലാത്തവര്‍ക്കും ബാങ്കുകളിലെത്താന്‍ കഴിയാത്തവര്‍ക്കും വീട്ടുപടിക്കല്‍ സേവനം ലഭ്യമാക്കുന്നുവെന്നതാണ് പുതിയ സംവിധാനത്തിന്റെ പ്രത്യേകത. ഒന്നിലധികം ബാങ്കുകളുടെ സേവനം ഒരു പ്ലാറ്റ്‌ഫോമില്‍ ഏകോപിക്കുന്നുവെന്നാണ് എഇപിഎസിന്റെ മറ്റൊരു സവിശേഷത. പോസ്റ്റല്‍ പേമെന്റ് ബാങ്ക് അക്കൗണ്ടില്ലാത്തവര്‍ക്കും എഇപിഎസ് സേവനങ്ങള്‍ ലഭ്യമാണ്.പോസ്റ്റ്മാന്റെ കൈവശമുള്ള മൊബൈല്‍ ആപ്പില്‍ അക്കൗണ്ട് നമ്പര്‍, മൊബൈല്‍ നമ്പര്‍, ആധാര്‍ നമ്പര്‍, ആധാര്‍ കാര്‍ഡിലെ ക്യൂആര്‍ കോഡ് എന്നിവ നല്കിയാണ് എഇപിഎസിലേക്ക് പ്രവേശിക്കുന്നത്.
ഏതു രീതി സ്വീകരിച്ചാലും ആധാറിലെ ബയോമെട്രിക് വിവരങ്ങള്‍ നല്കിയാലേ തുടര്‍ന്ന് മുന്നോട്ടുപോകാനാകൂ.ആവശ്യമായ പണം അടിച്ചു നല്കിയാല്‍ അത് അക്കൗണ്ടില്‍നിന്നു കുറയും. പോസ്റ്റ്മാന്‍ ആ തുക നല്കും. അക്കൗണ്ട് ഉടമയ്ക്ക് എസ്എംഎസായി പിന്‍വലിച്ച വിവരമെത്തുകയും ചെയ്യും.പോസ്റ്റ് ഓഫീസില്‍ നേരിട്ടെത്തി ബാങ്ക് ഇടപാടുകള്‍ നടത്തുകയാണെങ്കില്‍ സൗജന്യമായാണ് സൗകര്യമൊരുക്കുന്നത്. പോസ്റ്റ്മാന്‍ വീട്ടിലെത്തി പണം പിന്‍വലിക്കുകയാണെങ്കില്‍ 25 രൂപയും നികുതിയും ഈടാക്കും.
പണം ട്രാന്‍സ്ഫര്‍ ചെയ്യുന്നതിന് 15 രൂപയും ടാക്‌സുമാണ് ഈടാക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍