പുനരധിവാസത്തിന് ഭൂമി കണ്ടെത്താന്‍ ഊര്‍ജിതശ്രമം: മന്ത്രി ഇ. ചന്ദ്രശേഖരന്‍

പുല്‍പ്പള്ളി: പ്രകൃതിദുരന്തത്തില്‍ കിടപ്പാടം നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിനു യോജിച്ച ഭൂമി കണ്ടെത്താന്‍ ഊര്‍ജിത ശ്രമം നടന്നുവരികയാണെന്നു റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍. പ്രളയാനന്തര പുനരധിവാസ പദ്ധതിയില്‍ മുള്ളന്‍കൊല്ലി പഞ്ചായത്തിലെ പാടിച്ചിറയില്‍ ജില്ലാ ഭരണകൂടം നിര്‍മിച്ച മൂന്നു വീടുകളുടെ താക്കോല്‍ദാനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആവശ്യത്തിനു ഭൂമി ലഭ്യമല്ലാത്തതാണ് പുനരധിവാസം നേരിടുന്ന പ്രധാന വെല്ലുവിളി. സമതല പ്രദേശങ്ങള്‍ കുറവായ വയനാട്ടിലും ഇടുക്കിയിലും വാസയോഗ്യമായ ഭൂമി ലഭ്യമാക്കുന്നതിന് സാവകാശം ആവശ്യമാണ്. പ്രത്യേക പഠനം നടത്തി മാത്രമാണ് സ്ഥലം ഏറ്റെടുക്കുക. കുറ്റമറ്റ രീതിയില്‍ പുനരധിവാസം നടപ്പാക്കും.ത്രിതല പഞ്ചായത്തുകള്‍ പ്രദേശത്തെ ഭൂമി കണ്ടെത്താന്‍ നടപടികള്‍ ഊര്‍ജിതമാക്കണം. നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയമാണ് കഴിഞ്ഞ വര്‍ഷം ഉണ്ടായത്. ഈ വര്‍ഷത്തെ പ്രളയവും ആഘാതമായി. കേരളം ഒറ്റക്കെട്ടായാണ് പ്രതിസന്ധികളെ നേരിട്ടത്. സര്‍ക്കാര്‍ നാടിനൊപ്പം നിലകൊണ്ടു. ക്യാമ്പുകളില്‍ കഴിഞ്ഞവര്‍ക്കുള്ള അടിയന്തര സഹായധനം പതിനായിരം രൂപ എല്ലാവരുടെയും ബാങ്ക് അക്കൗണ്ടുകളില്‍ താമസിയാതെ എത്തും. ഇതിനു നടപടികള്‍ ത്വരിതപ്പെടുത്തിയിട്ടുണ്ട്. 2018ലെ പ്രളയത്തില്‍ വീടുകള്‍ നഷ്ടപെട്ട പെരിക്കല്ലൂര്‍ കോപ്പറമ്പില്‍ ഷംസുദ്ദീന്‍, പാറാളിയില്‍ സജി, കിശിങ്കല്‍ കെ.ആര്‍ ബിനീഷ് എന്നിവര്‍ക്കാണ് വീടുകള്‍ നിര്‍മിച്ച് നല്‍കിയത്. തുറമുഖപുരാവസ്തു മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി വീടിന്റെ ഉടമസ്ഥാവകാശ രേഖ കൈമാറി. വീടുകളുടെ നിര്‍മാണത്തിനു എട്ടു സെന്റ് സ്ഥലം സൗജന്യമായി നല്‍കിയ പാടിച്ചിറ സ്വദേശി സി.പി. പോള്‍സനെ ആദരിച്ചു. ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ എ.ആര്‍. അജയകുമാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാര്‍, മുള്ളന്‍കൊല്ലി പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന്‍, ജില്ലാ പഞ്ചായത്തംഗം വര്‍ഗീസ് മൂരിയന്‍കാവില്‍, ബ്ലോക്ക് പഞ്ചായത്തഗം ഷിനു കച്ചിറയില്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ശിവരാമന്‍, എഡിഎം കെ. അജീഷ് എന്നിവര്‍ പ്രസംഗിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍